KOYILANDY DIARY

The Perfect News Portal

ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്തു പണം കവര്‍ന്ന മോഷ്ടാവിനെ പോലീസ് കയ്യോടെ പിടികൂടി

പരിയാരം: ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്തു പണം കവര്‍ന്ന മോഷ്ടാവിനെ പോലീസ് കയ്യോടെ പിടികൂടി. കൈതപ്രം തൃക്കുറ്റ്യേരി ശിവക്ഷേത്രത്തില്‍ മോഷണം നടത്തിയ കാസര്‍കോട് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഭാര്യവീട്ടില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ് കുമാറിനെയാണ് (44) പരിയാരം പോലീസ് കയ്യോടെ പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ഭണ്ഡാരം കാണാതായതിനെ തുടര്‍ന്നു ഭാരവാഹികളെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുന്നതിനിടയില്‍ തൊട്ടടുത്ത പറമ്ബില്‍ ഭണ്ഡാരം പൊളിച്ച നിലയില്‍ കണ്ടെത്തി. തൊട്ടടുത്ത കടയില്‍ ഹരീഷ്കുമാര്‍ ഇരിക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. എസ്‌ഐക്ക് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചത് താനാണെന്ന് ഇയാള്‍ തുറന്നുപറയുന്നത്.

നേരത്തേ, ബളാലിലും ഭീമനടിയിലും നടന്ന നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഹരീഷിനെ പോലീസിനു മുഖപരിചയം തോന്നിയതാണ് ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇയാളില്‍നിന്നു പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ കൂടുതലായി കണ്ടെത്തിയതും സംശയത്തിനിടയാക്കി. നോട്ടുകള്‍ എവിടെനിന്നു കിട്ടിയതാണെന്നു ചോദിച്ചപ്പോള്‍ പണിയെടുത്ത സ്ഥലത്തുനിന്നെന്നായിരുന്നു മറുപടി.

Advertisements

തുടര്‍ന്ന് പണം നല്‍കിയ ആളുമായി ബന്ധപ്പെട്ടപ്പോള്‍ 2000 രൂപയുടെ ഒറ്റനോട്ടാണു നല്‍കിയതെന്ന് അറിയിച്ചു. തുടര്‍ന്ന് ഹരീഷ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് താന്‍ തന്നെയാണെന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ ചെറുവിച്ചേരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *