KOYILANDY DIARY

The Perfect News Portal

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുന്നുണ്ട്. കഴുത്തില്‍ മുറുകെ പിടിച്ച്‌ ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാന്‍ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാള്‍ ആശുപത്രിയില്‍ തന്നെയുള്ളയാളാണ്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷമായിരിക്കും അറസ്റ്റ് നടപടികള്‍ ഉണ്ടാവുകയെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആമോസ് മാമന്‍ ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ. പിയൂഷ് നമ്ബൂതിരിക്കാണ് അന്വേഷണ ചുമതല. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ ദിവസം വൈകീട്ട് ഈ സെല്ലിലെ അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പോലിസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ജിയറാമിൻ്റെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ പിന്‍വശത്ത് അടിയേറ്റാല്‍ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയില്‍ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *