KOYILANDY DIARY

The Perfect News Portal

കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി > ചലച്ചിത്രതാരം കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ട് 7.15 ആയിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് മണിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മണിയെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മിമിക്രി രംഗത്തുനിന്ന് മലയാള സിനിമയിലെത്തി തെന്നിന്ത്യന്‍ സിനിമമേഖലയില്‍ സജീവ സാന്നിധ്യമായി മാറിയ നടനാണ് കലാഭവന്‍ മണി. വേറിട്ട ചിരിയുടെ ഉടമയായിരുന്ന മണി നാടന്‍പാട്ടു കലാകാരന്‍ എന്ന നിലയിലും മലയാളികളുടെ ഇഷ്ടതാരമായിരുന്നു. കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ട അദ്ദേഹം പിന്നീട് നായകനായി വളര്‍ന്നു. ശക്തമായ വില്ലന്‍വേഷങ്ങളും അദ്ദേഹത്തിന്റെ അഭിനയ മികവില്‍ ഭദ്രമായിരുന്നു.

സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണിയുടെ ആദ്യ ചിത്രം അക്ഷരം ആയിരുന്നു.അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

Advertisements

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലും ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു എന്ന കഥാപാത്രം ദേശീയ തലത്തിലും (2000) സംസ്ഥാന തലത്തിലും (1999) അഭിനയമികവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങളില്‍ അവതരിപ്പിച്ചു. മറുമലര്‍ച്ചി, വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലുംതെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു.