KOYILANDY DIARY

The Perfect News Portal

ഏക്കാട്ടൂർ കോമത്തുകണ്ടി കല്ലാത്തറ കോളനി വാസികൾക്ക് യാത്രാ ദുരിതം രൂക്ഷം

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ ഏക്കാട്ടൂർ കോമത്തുകണ്ടി കല്ലാത്തറ കോളനി വാസികൾക്ക് യാത്രാ ദുരിതം രൂക്ഷം. നാലാം വാർഡിൽപ്പെട്ട നാലുസെൻ്റ് കോളനിയിലെ താമസക്കാരാണ് റോഡില്ലാതെ യാത്രാദുരിതം അനുഭവിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ ദുർഘടം പിടിച്ച നാട്ടുപാതയിലൂടെ നടന്നു കയറിവേണം കോളനിയിലെത്താൻ. കുട്ടികൾ, പ്രായമായവർ, ശാരീരികമായി അവശതയനുഭവിക്കുന്നവരെല്ലാം വളരെ പ്രയാസത്തോടെയാണ് ഇടവഴിയിലൂടെ നടന്നുവരുന്നത്. അസുഖം ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കാൻ കസേരയിൽ എടുത്താണ് റോഡിൽ എത്തിക്കുന്നത്. കോളനിയിലെ പലർക്കും നല്ലവീടുകളില്ല. വീടു നിർമാണത്തിന് മെറ്റലും മണലും സിമന്റും കമ്പിയുമെല്ലാം തലച്ചുമടായി മുകളിലെത്തിക്കണം. മുകളിലെത്തിക്കണം. തലച്ചുമടായി നിർമാണ സാമഗ്രികൾ കൊണ്ടുവരുമ്പോൾ ചെലവേറും.

ലൈഫ് ഭവനപദ്ധതിയിൽ സഹായധനമായി ലഭിക്കുന്ന നാലുലക്ഷം രൂപയിൽ നിന്ന് വലിയ സംഖ്യ സാധനം എത്തിക്കാൻ തന്നെ വേണം. അതുകൊണ്ടു തന്നെ പലർക്കും വീടുപണി പൂർത്തിയാക്കാനാവുന്നില്ല. പട്ടികജാതിക്കാർ ഉൾപ്പെടെ ഇരുപതോളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രദേശവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്തധികൃതർ ഇടപെടുകയും മുഖ്യമന്ത്രിയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് റോഡുനിർമാണത്തിനായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റോഡ് നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. എന്നാൽ, പിന്നീടാണ് അറിയുന്നത് വകയിരുത്തിയ ഫണ്ട്, റോഡിന്റെ പേരുമാറിയതുകൊണ്ട് ലാപ്‌സായി പോയെന്ന്. റോഡ് നിർമിക്കാതെ പ്രദേശവാസികളോട് വിശ്വാസവഞ്ചന കാട്ടുകയാണെന്ന് ആരോപിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി അറിയിച്ചു. ഷാജഹാൻ കാരയാട് അധ്യക്ഷ്യം വഹിച്ചു. ആദർശ് അരിക്കുളം, ലിബാഷ്, റമീസ് റോഷൻ, ഷാഫി എ.സി, വിഷ്ണു ഊരള്ളൂർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *