KOYILANDY DIARY

The Perfect News Portal

ഇടിമിന്നലിലും മഴയിലും വീടുകള്‍ക്ക് നാശനഷ്ടം

പേരാമ്പ്ര: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹൈസ്‌ക്കൂള്‍ റോഡിലെ വിമുക്ത ഭടന്‍ പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും ഇടിമിന്നലില്‍ തകര്‍ന്നു. സ്വിച്ച്‌ ബോര്‍ഡുകളും മറ്റും കത്തുകയും ഇടിയുടെ ശക്തിയില്‍ തെറിച്ച്‌ പോവുകയും ചെയ്തു. മെയിന്‍ സ്വിച്ചിന്റെ ഭാഗങ്ങള്‍ പറമ്ബിലേക്ക് തെറിച്ചു വീണ നിലയിലാണുള്ളത്. പുറകുവശത്തെ ചുമരിലും തൊട്ടടുത്ത കയ്യാലയിലും ഇടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഗെയ്റ്റിന്റെ കരിങ്കല്ലില്‍ നിര്‍മ്മിച്ച പില്ലര്‍ ചിതറി. കല്ലിന്റെ കഷ്ണങ്ങള്‍ മീറ്ററുകള്‍ക്കപ്പുറം തെറിച്ച്‌ വീണു. ഈ സമയത്ത് വീട്ടില്‍ സോമനും ഭാര്യയും ഉണ്ടായിരുന്നെങ്കിലും പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.തെങ്ങുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൂത്താളി കുഞ്ഞോത്ത് റോഡില്‍ കട്ടയാട് ഭാഗത്ത് കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായി നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് കേടുപാട് സംഭവിച്ചു. തെക്കെപറമ്ബില്‍ ഗോപാലന്റെ വീടിന് പുറക് വശത്തെ മണ്ണ് ഇടിയുകയും പാറയും തെങ്ങും കവുങ്ങുകളും തറയിലും ചുവരിലുമായി പതിക്കുകയുമായിരുന്നു. തറയ്ക്കും ചുവരിനും വീട്ടിനകത്തെ തറയോടുകള്‍ക്കും നാശമുണ്ടായി. പുതുതായി വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി നീക്കം ചെയ്ത മണ്ണിന്റെ ബാക്കി ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഭീമന്‍പാറ വീടിന്റെ മൂലയില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ താല്കാലിക ഷെഡിലായിരുന്നു താമസം. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച്‌ പാറയും മണ്ണും നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *