സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾക്ക് നാടിന്റെ യാത്രാമൊഴി


കൊയിലാണ്ടി: കാരന്തൂർ മർകസിന്റെ ഉപാധ്യക്ഷനും ആത്മീയ വേദികളിലെ നിറ സാന്നിധ്യവുമായ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങളുടെ കബറടക്കം കൊയിലാണ്ടി വലിയകത്ത് മഖാമിൽ നടന്നു. വ്യാഴാഴ്ചഉച്ചയ്ക്ക് 12 മണിക്ക് സ്വവസതിയായ തിരൂർ കൂട്ടിലങ്ങാടിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് എത്തിച്ച മയ്യിത്ത് ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്. മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെ വസതിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കൊയിലാണ്ടി വലിയകത്ത് ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ അന്ത്യ കർമങ്ങൾ നടന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, എസ് വൈ എസ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് താഹാ തങ്ങൾ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ: അബ്ദുൽ ഹക്കീം അസ്ഹരി, ചുള്ളിക്കോട് ഹുസൈൻ സഖാഫി, ഹസ്സൻ മുസ്ലിയാർ വയനാട്, വി പി എം ഫൈസി വില്യാപള്ളി, ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.


