KOYILANDY DIARY.COM

The Perfect News Portal

എന്‍ സി പി യില്‍ പ്രശ്നങ്ങള്‍ ഇല്ല: എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍ സി പി യില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും തെരഞ്ഞെടുപ്പ് മാറ്റി വെച്ചതില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നും എകെ ശശീന്ദ്രന്‍. കേന്ദ്ര നേതാക്കളുടെ അസൗകര്യമാണ് തെരഞ്ഞെടുപ്പ് മാറ്റാന്‍ കാരണം. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഇല്ല. തോമസ് ചാണ്ടി ഉള്‍പ്പെടെ ആര്‍ക്കും പ്രസിഡന്‍റാകാം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ ആര് പ്രസിഡന്‍റാകും എന്ന് പറയാനാവൂ എന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

എന്‍സിപി സംസ്ഥാന ഘടകത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ മാറ്റിവച്ചിരുന്നു. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴി‍ഞ്ഞ ദിവസം കേന്ദ്ര നേതൃത്വം ഇടപെട്ട് ഇത് മാറ്റി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിയതിന്റെ കാരണമോ പകരം തീയ്യതിയോ വ്യക്തമാക്കിയിരുന്നില്ല.

പുതിയ തിയ്യതി പിന്നീട് അറിയിക്കാമെന്നായിരുന്നു കത്തിലുള്ളത്. ടിപി പീതാംബരനെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പ് തുടരുകയാണ്. ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!