KOYILANDY DIARY.COM

The Perfect News Portal

ബെയ്ലി പാലം തുറന്നതോടെ ഇനി രക്ഷാ ദൗത്യത്തിന് വേഗം കൂടും

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നതോടെ ഇനി രക്ഷാ ദൗത്യത്തിന് വേഗം കൂടും. പാലത്തിലൂടെ ജെസിബി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് മരുകരയിലെത്തിക്കാൻ കഴിയുന്നതോടെ ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽതന്നെ ദൗത്യസംഘത്തിന് ലക്ഷ്യത്തിലേക്കെത്താനാകുമെന്നാണ് കണക്കാക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലൂടെയും യാത്ര നടത്തി ബലമുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ബെയ്ലി പാലം നിർമിച്ചിരിക്കുന്നത്. തകർന്നടിഞ്ഞ വീടുകൾക്കുള്ളിൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കാൻ പാലം വലിയൊരാശ്വാസമാണ് നൽകുന്നത്.

കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിം​ഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യുവാണ് നിർമാണചുമതല വഹിച്ചത്. ബെയ്ലി പാലത്തിലൂടെ സൈനിക ആംബുലൻസും ഹെവി ട്രക്കും മറുകരയെത്തിയിട്ടുണ്ട്. 190 അടി നീളമുള്ള പാലത്തിന് 24 ടൺ ഭാരം വരെ താങ്ങാൻ ശേഷിയുണ്ട്.

മുണ്ടക്കൈ, അട്ടമല ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്നത് ചൂരൽമലയിലെ പാലമായിരുന്നു. ഉരുൾപൊട്ടി ഇരച്ചെത്തിയ പ്രവാഹം പാലത്തെയും തകർത്തു. ആദ്യദിവസം പാലത്തിനപ്പുറമുള്ള പ്രദേശം ഒറ്റപ്പെടുകയായിരുന്നു. ഫയർഫോഴ്സ് കെട്ടിയ സിപ്പ് ലൈനിലൂടെയാണ് രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ദിവസം സൈന്യം ഒരു ചെറിയ നടപ്പാലം സജ്ജമാക്കി. രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പ്രവഹിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് കരം നൽകാനായി . യന്ത്ര സഹായത്തോടെ പൂർണ്ണാർത്ഥത്തിൽ ഉള്ള തിരച്ചിൽ അപ്പോഴും പ്രതിസന്ധിയായി. ബെയിലി പാലമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ഇതോടെയാണ് പ്രതികൂല സാഹചര്യത്തിനിടയിലും സൈന്യം ബെയ്ലി പാലം അതിവേ​ഗത്തിൽ സജ്ജമാക്കിയത്.

Advertisements