കിളിമാനൂരിൽ ഇരുതലമൂരിയുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ ഇരുതലമൂരിയുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കിളിമാനൂർ പാപ്പാക്ക് അടുത്ത് വീട്ടിൽ നിന്നാണ് ഇരുതലമൂരിയേയും ഇന്നോവ കാറും പിടികൂടിയത്. ഇരുതലമൂരിക്ക് നാലു കിലോ ഭാരവും നാല് അടിയോളം നീളവും ഉണ്ട്. കിളിമാനൂർ പാപ്പാല സ്വദേശി ശൈലജയുടെ വീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അഞ്ചു ലക്ഷം രൂപയ്ക്ക് ആന്ധ്രയിൽ നിന്നാണ് ഇരുതലമൂരിയെ വാങ്ങിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ഇവർ പറയുന്നത്. വൈക്കം സ്വദേശി അജിയ് കിളിമാനൂർ സ്വദേശി ശൈലജ , കരുനാഗപ്പള്ളി സ്വദേശി സുദർശനൻ, വട്ടപ്പാറ സ്വദേശി ബിജു, വണ്ടാനം സ്വദേശി രാഹുൽ എന്നിവർ ചേർന്നാണ് ഇരുതലമൂരിയെ വില കൊടുത്ത് വാങ്ങിയത്.

ഇതിനെ തമിഴ്നാട്ടിൽ വിൽപ്പന നടത്തുന്നതിനായി കിളിമാനൂരിൽ നിന്നും 25 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചതായി ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് വിൽക്കാനായാണ് ഇവർ ഷൈലജയുടെ വീട്ടിൽ ഇരുതലമൂരിയെ കൊണ്ടുവന്നത് ആ സമയത്താണ് പാലോട് വനവകുപ്പിന്റെയും സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുന്നത്. പ്രതികളെ നെടുമങ്ങാട് വനംവകുപ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

