വിഷ്ണുപ്രിയ (23) കൊലക്കേസ് പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ. ശിക്ഷാവിധി 13ന്

കണ്ണൂർ: വിഷ്ണുപ്രിയ (23) കൊലക്കേസ് പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ. ശിക്ഷാവിധി 13ന്. പ്രണയാഭ്യർഥന നിരസിച്ച വിരോധത്തിൽ കൂത്തുപറമ്പ് വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മാനന്തേരിയിലെ താഴെക്കളത്തിൽ എം ശ്യാംജിത്ത് (27) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശ്യാംജിത്തിനുള്ള ശിക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 13ന് വിധിക്കും. പ്രതിക്ക് വധശിക്ഷാ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ ആവശ്യപ്പെട്ടു.

വിഷ്‌ണുപ്രിയയുടെ മുൻ സുഹൃത്തായിരുന്ന ശ്യാംജിത്ത് 2022 ഒക്ടോബർ 22നാണ് കൊല നടത്തിയത്. വിഷ്‌ണുപ്രിയയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയ പ്രതി ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചുവീഴ്‌ത്തി കഴുത്തിനു കുത്തി കൊലപ്പെടുത്തുകയായിരുന്നു. പാനൂർ സിഐ ആയിരുന്ന എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം 34 ദിവസംകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.


കൃത്യം നടന്ന് മൂന്ന് മണിക്കൂറിനകം പ്രതിയെ പിടികൂടി. 2023 സെപ്‌തംബർ 21നാണ് വിചാരണ തുടങ്ങിയത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയായി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 73 സാക്ഷികളിൽ ൽ 49 പേരെ വിസ്‌തരിച്ചു.

