ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം
.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് വിക്രം വൺ. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയറോസ്‌പേസ് സ്റ്റാർട്ടപ്പ് കമ്പനിയാണ് റോക്കറ്റ് നിർമിച്ചത്. ‘മിഷൻ ആഗമൻ’ എന്നാണ് ദൗത്യത്തിന്റെ പേര്. 24 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. പൂർണ്ണമായും കാർബൺ-കോമ്പോസിറ്റ് വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം.

ലിക്വിഡ് എഞ്ചിനുകൾ പൂർണ്ണമായും 3D-പ്രിന്റിങ് സാങ്കേതികവിദ്യയിലാണ് നിർമിച്ചത്. 21 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ ശേഷിയുണ്ട്. എന്നാൽ ആദ്യ യാത്രയിൽ ഉപഗ്രഹങ്ങളില്ല. മറിച്ച് നാല് പേലോഡുകളാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. ബംഗളൂരു ആസ്ഥാനമായ സ്റ്റാർട്ട് അപ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് 3, മറ്റൊരു സ്റ്റാർട്ട് അപ്പായ കോസ്മോവേഴ്സ് സ്പേസിന്റെ എംബ്രേസ് തുടങ്ങിയ പേലോഡുകളാണ് റോക്കറ്റ് വഹിക്കുക.

അന്തരീക്ഷത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുകയാണ് എമ്പ്രേസിന്റെ ലക്ഷ്യം. അവശിഷ്ടങ്ങൾ പിടിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കത്തിക്കുക വഴിയാണ് ഈ മാലിന്യനിർമാർജ്ജനം. സി.വി. രാമൻ, വിക്രം സാരാഭായ്, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ ശിൽപ്പങ്ങളും റോക്കറ്റ് കൊണ്ടുപോകും. റോക്കറ്റിന്റെ നിയന്ത്രണം പൂർണ്ണമായും ഇൻ-ബിൽറ്റ് ഇന്റലിജൻസ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.

2022 നവംബറിൽ ‘വിക്രം-എസ്’ എന്ന സബ്‌ഓർബിറ്റൽ റോക്കറ്റ് സ്കൈറൂട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കുന്നതിൽ ഈ ദൗത്യം നിർണായക പങ്ക് വഹിക്കും.



