‘കോടികളുടെ നിർഭാഗ്യവാൻ’; ലോട്ടറി ടിക്കറ്റെടുത്ത് മാത്രം ചെലവാക്കിയത് രണ്ട് കോടി
.
കോടീശ്വരാനാകുകയെന്നതാണ് ലോട്ടറിയെന്ന ഭാഗ്യ പരീക്ഷണത്തിനിറങ്ങുമ്പോൾ പലരുടേയും മനസിലുണ്ടാകുക. ഓരോ ടിക്കറ്റുകളെടുക്കുമ്പോഴും ഇത്തവണത്തെ ഭാഗ്യവാൻ താനായിരിക്കുമെന്ന പ്രതീക്ഷയായിരിക്കും ഓരോരുത്തർക്കും. എന്നാൽ ‘കോടികളുടെ നിർഭാഗ്യവാനാ’യ ഒരു വ്യക്തിയുണ്ട്.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ. വർഷങ്ങളായി കോടിക്കണക്കിന് രൂപ മുടക്കി ലോട്ടറി ടിക്കറ്റുകൾ എടുത്ത ഒരു മനുഷ്യൻ. കരിവെള്ളൂർ പാലക്കുന്നിലെ പി പി രാഘവനാണ് രണ്ട് കോടി രൂപയുടെ ടിക്കറ്റുകൾ എടുത്ത വ്യക്തി. 1967 ൽ ഭൂട്ടാൻ ഡാറ്റാ ബംബറാണ് ആദ്യമായി രാഘവൻ എടുത്തത്. പിന്നീട് എല്ലാ ടിക്കറ്റുകളും എടുത്തു. അവയെല്ലാം സൂക്ഷിച്ച് വെക്കുകയും ചെയ്തിട്ടുണ്ട്. നാല് ചാക്കുകളിലായാണ് അദ്ദേഹത്തിൻ്റെ നിർഭാഗ്യങ്ങൾ അദ്ദേഹം സൂക്ഷിച്ചിട്ടുള്ളത്.

മൂന്നക്കത്തിന് 4,000 രൂപ ലഭിക്കുന്ന ഭൂട്ടാൻ ലോട്ടറി പലതവണ അടിച്ചിട്ടുണ്ട്. ഒരു ദിവസം ആയിരം മുതൽ 3000 രൂപയ്ക്ക് വരെ ടിക്കറ്റെടുത്തിട്ടുണ്ട്. കൃഷിയിൽ നിന്നും ലഭിക്കുന്ന തുകയാണ് ടിക്കറ്റിനായി ഉപയോഗിക്കുക. ടിക്കറ്റെടുത്ത കടക്കെണിയിൽ ആയപ്പോൾ സ്ഥലവും ഭാര്യയുടെ ആഭരണങ്ങളും വിറ്റതായും അദ്ദേഹം പറയുന്നു. നിലവിൽ ബമ്പർ ടിക്കറ്റുകൾ മാത്രമാണ് രാഘവൻ എടുക്കാറുള്ളത്.




