KOYILANDY DIARY

The Perfect News Portal

ട്രെയിൻ തീവെപ്പ്: ആക്രമണത്തിന് മുന്നേ പ്രതി ആദ്യമെത്തിയത് ഷൊർണൂരിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ആക്രമണത്തിന് മുന്നേ പ്രതി  ആദ്യമെത്തിയത് ഷൊർണൂരിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൊർണൂരിൽ നിന്ന് തന്നെയാണ് പ്രതി പെട്രോൾ വാങ്ങിയത് എന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പെട്രോൾ വാങ്ങിച്ചത് റെയിൽവേ സ്റ്റേഷനടുത്തുള്ള പമ്പിൽ നിന്നാണെന്നും പെട്രോൾ വാങ്ങിച്ചത് ഞായറാഴ്ചയെന്നുമുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തി.

 

ഓടിക്കൊണ്ടിക്കൊണ്ടിരുന്ന ആലപ്പുഴ കണ്ണൂർ എക്‌സ്‌പ്രസിന്റെ ഒരു ബോഗി മുഴുവൻ തീവെച്ച്‌ നശിപ്പിക്കാനാണ്‌ ലക്ഷ്യമിട്ടതെന്ന്‌ പ്രത്യേകാന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ  സെയ്‌ഫി വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ ആക്രമണം നടത്തി തന്റെ പ്രശസ്തി വർധിപ്പിക്കാനാണ്‌ ലക്ഷ്യമിട്ടതെന്നും സെയ്‌ഫി ചോദ്യം ചെയ്യലിനിടെ മൊഴി നൽകി. . അതേസമയം,  മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക്‌ മുന്നിൽ പ്രതി ഇനിയും മനസ്‌ തുറന്നിട്ടില്ല.

 

മാർച്ച്‌ 31ന്‌ ഡൽഹിയിൽ നിന്ന്‌ സംബർക്രാന്തി എക്‌സ്‌പ്രസിലാണ്‌ ഷാറൂഖ്‌ സെയ്‌ഫി യാത്ര പുറപ്പെട്ടത്‌. രണ്ടിന്‌ പുലർച്ചെ അഞ്ചിന്‌ ഷൊർണൂരിലിറങ്ങി. ഒരു പകൽ മുഴുവൻ അവിടെ ചെലവഴിച്ച പ്രതി പെട്രോൾ പമ്പിൽ നിന്ന്‌ മൂന്ന്‌ കുപ്പിയിൽ പെട്രോൾ വാങ്ങി. രാത്രി 7.10ന്‌ എത്തിയ ആലപ്പുഴ കണ്ണൂർ എക്‌സ്‌പ്രസിൽ കയറിയതും ഷൊർണൂരിൽ നിന്നാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

Advertisements

 

ഒരു പകൽ മുഴുവൻ ചെലവിട്ടശേഷമാണ്‌ ആലപ്പുഴ കണ്ണൂർ എക്‌സ്‌പ്രസിൽ കയറിയത്‌. 14 മണിക്കൂർ കാത്തിരുന്നത്‌ എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്‌ പ്രധാനമായും പൊലീസ്‌ തേടുന്നത്‌. ട്രെയിനിന്റെ ബോഗി പൂർണമായി കത്തിക്കാൻ ലക്ഷ്യമിട്ട്‌ കയറിയ ഷാറൂഖ്‌ സെയ്‌ഫി എലത്തൂരിലെത്തിയ ശേഷം കൃത്യം നിർവഹിച്ചതിനെന്തിനെന്ന ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല. നിരന്തരമായ ചോദ്യം ചെയ്യലിലൂടെ കാരണങ്ങളിലേക്കും ബാഹ്യശക്തികളുണ്ടെങ്കിൽ അവരിലേക്കും എത്താനാണ്‌ അന്വേഷണ സംഘത്തിന്റെ ശ്രമം.\

 

ബോഗി പൂർണമായി കത്തിക്കാൻ പദ്ധതിയിട്ടുവെന്ന മൊഴിയെ അതീവ ഗൗരവത്തോടെയാണ്‌ അന്വേഷകസംഘം കാണുന്നത്‌. വലിയ ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ടാകാമെന്നും നിർവഹണം പാളിയതാകാമെന്ന വിലയിരുത്തലും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്‌.രണ്ടിന്‌ രാവിലെ ഷൊർണൂരിലെത്തിയ പ്രതി അന്ന്‌ എവിടെയെല്ലാം പോയെന്ന അന്വേഷണത്തിലാണ്‌ ഷൊർണൂരിലെ പമ്പിൽ നിന്ന്‌ പെട്രോൾ വാങ്ങിന്ന വിവരം പൊലീസ്‌ ശേഖരിച്ചത്‌. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്‌. ഷൊർണൂരിലുണ്ടായിരുന്ന 14 മണിക്കൂറിനിടെ കൂടുതൽ സ്ഥലങ്ങളിൽ എത്തിയോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്‌.