കൊയിലാണ്ടിയിൽ രൂക്ഷമായ ഗതാഗത കുരുക്ക്
.
കൊയിലാണ്ടിയിൽ രൂക്ഷമായ ഗതാഗത കുരുക്ക്. ഉച്ചക്ക് ശേഷം 3 മണിമുതൽ തുടങ്ങിയ കുരുക്കഴിക്കാൻ ഇതുവരെയും ആയിട്ടില്ല. കോഴിക്കോട് നിന്ന് ചെങ്ങോട്ടുകാവ് വഴി ബൈപ്പാസിലൂടെ കൊയിലാണ്ടിയിലേക്കും തുടർന്ന് സർവ്വീസ് റോഡ് വഴി വടകര ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ മുത്താമ്പി റോഡ് അണ്ടർപ്പാസിനു മുകളിൽ റോഡുപണിയുടെ ഭാഗമായി അടച്ചതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. ചെങ്ങോട്ടുകാവിൽ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുകാരണം ഇതുവഴി വന്ന വാഹനങ്ങൾ പന്തലായനി ഭാഗത്ത് എത്തി മുന്നോട്ടു പോകാൻ കഴിയാതെ തിരിച്ച് പോകേണ്ട അവസ്ഥയാണുള്ളത്.

.


ഇത്കാരണം ചൊങ്ങോട്ടുകാവ് മുതൽ കൊയിലാണ്ടി ബൈപ്പാസ്, മുത്താമ്പിറോഡ് കൊയിലാണ്ടി മേൽപ്പാലം എന്നിവിടങ്ങളിലും പട്ടണമാകെയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പന്തലായനി ഭാഗത്ത് നടക്കുന്ന റോഡ് പണിയുടെ മുന്നറിയിപ്പ് ബോർഡ് ചെങ്ങോട്ടുകാവിൽ സ്ഥാപിക്കാത്തതാണ് ഗതാഗത കുരുക്ക് ഇത്ര രൂക്ഷമാക്കിയിട്ടുള്ളത്. സംഭവം അറിഞ്ഞിട്ടും ഗതാഗതം നിയന്ത്രിക്കാൻ പോലീസിൻ്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. സിപിഐഎം ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ ഏറെ നേരം ഗതാഗതം നിയന്ത്രിക്കാൻ തയ്യാറായതോടെയാണ് സന്ധ്യയോടെ ഗതാഗതക്കുരുക്കിന് ചെറിയ പരിഹാരമായിട്ടുള്ളത്.






