പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു

കേരളത്തിലെ പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ കെ കൊച്ച് (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെയും അരികുവത്കരിക്കപ്പെട്ട കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു കെ കെ കൊച്ച്.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിൽ ജനനം. അടിയന്തരാവസ്ഥ കാലത്ത് ആറുമാസം ഒളിവില്‍ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളിയൂണിയന്‍, മനുഷ്യാവകാശ സമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കി. സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു അദ്ദേഹം.

1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. കേരള ചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്രപാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മകഥയായ ‘ദളിതന്‍’ ഏറെ ശ്രദ്ധ നേടിയിരുന്നു.

കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. ‘ദലിതന്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.

