KOYILANDY DIARY

The Perfect News Portal

പെരുവണ്ണാമുഴി ജല വൈദ്യുത പദ്ധതി: മെയ് മാസം ഉൽപ്പാദനം തുടങ്ങും

പേരാമ്പ്ര: ആറ് മെഗാവാട്ട്‌ശേഷിയുള്ള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽനിന്ന്‌ മെയ് ആദ്യവാരം വൈദ്യുതി ഉൽപ്പാദനം തുടങ്ങും. ഒമ്പത്‌ വർഷത്തിനകം മുതൽമുടക്ക്‌ തിരിച്ചുകിട്ടും വിധം ലാഭകരമായ പദ്ധതിയെന്നതാണ്‌ ഇതിൻ്റെ മുഖ്യ സവിശേഷത. കാലവർഷത്തിലെ നീരൊഴുക്കിനെ ആശ്രയിക്കാത്തതിനാൽ വർഷം മുഴുവൻ ഉൽപ്പാദനം സാധ്യമാവും. ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ്‌ 78.43 കോടി ചെലവഴിച്ചുള്ള സംരംഭം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ജലസംഭരണിയിലെ അധികജലം ഉപയോഗിച്ചാണ് പദ്ധതി.
കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെയും കുറ്റ്യാടി ഓഗ്‌മെന്റേഷൻ പദ്ധതിയുടെയും ഭാഗമായ കക്കയം പവർഹൗസിൽനിന്നും വൈദ്യുതി ഉല്പാദനം കഴിഞ്ഞ്‌ 802.67 മില്യൺ ക്യുബിക് മീറ്റർ വെള്ളം പെരുവണ്ണാമൂഴി റിസർവോയറിൽ എത്തുന്നു.  ഇതിൽ ജലസേചനം, കുടിവെള്ളം എന്നിവയുടെ ആവശ്യം കഴിഞ്ഞുള്ള 623.84 മില്യൺ ക്യുബിക് മീറ്റർ അധികജലം ഉപയോഗിച്ചാണ്‌ വൈദ്യുതി ഉൽപ്പാദനം.
വർഷം 24.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും. നബാർഡ്‌ സഹായമായി 49.85 കോടിയും കേന്ദ്ര സർക്കാരിന്റെ എംഎൻആർഇ ഗ്രാന്റായി 20 കോടിയും സംസ്ഥാന സർക്കാർ വിഹിതമായി ഒമ്പത്‌ കോടിയും ചെലവഴിച്ചു. അണക്കെട്ടിൽ നിന്നും 200 മീറ്റർ അകലെ നിന്നാണ് പദ്ധതിയുടെ ടണൽ ആരംഭിക്കുന്നത്. 3.30 മീറ്റർ വ്യാസമുള്ള 249 മീറ്റർ പ്രഷർ ക്രാഫ്റ്റ്, 35 മീറ്റർ പെൻസ്റ്റോക്ക് എന്നിവ വഴി വെള്ളം പവർഹൗസിലെത്തിച്ച് മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഉൽപ്പാദനം. പുറന്തള്ളുന്ന വെള്ളം അണക്കെട്ടിന് 500 മീറ്റർ താഴെ കുറ്റ്യാടി പുഴയിലേക്ക് എത്തിച്ചേരും.
കേബിളിലൂടെ ചക്കിട്ടപാറ 110 കെവി സബ്സ്റ്റേഷനിൽ എത്തിച്ചാണ്‌ വിതരണം. സിവിൽ ജോലികൾക്കായി 49.03 കോടിയും ഇലക്ട്രോ മെക്കാനിക്ക് ജോലികൾക്കായി 29.4 കോടിയും  ചെലവഴിച്ചു. എം എം മണി  വൈദ്യുതി മന്ത്രിയായിരിക്കേ 2017 നവംബറിൽ സിവിൽ പ്രവൃത്തി ആരംഭിച്ചു. 2021 ഫെബ്രുവരിയിൽ പവർഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കലിന്റെയും പ്രവൃത്തി തുടങ്ങി. ജനറേറ്റർ സ്ഥാപിച്ചു. രണ്ട്‌ ടർബയിനിൽ ഒരെണ്ണം സ്ഥാപിച്ചു. ഏപ്രിലിൽ പൂർത്തിയാകുമെന്ന്‌ ജനറേഷൻ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയറും പ്രോജക്ട് മാനേജരുമായ പി കൃഷ്ണപ്രസാദും സംഘവും പറഞ്ഞു.