KOYILANDY DIARY

The Perfect News Portal

കാത്തിരിപ്പ് വേണ്ട.. വീട് നിർമ്മാണത്തിന് അപേക്ഷിച്ചാലുടനെ പെർമിറ്റ് നൽകും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള തീരുമാനമെടുത്തതായി തദ്ദേശ സ്വയം ഭരണ  മന്ത്രി എം ബി രാജേഷ്. വീട് ഉൾപ്പെടെ 300  ചതുരശ്ര മീറ്റർ (3229.17 സ്ക്വയർ ഫീറ്റ്‌) വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം. ഏപ്രിൽ ഒന്നുമുതൽ ഈ സൗകര്യം ലഭ്യമാകും. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്.

പെര്‍മിറ്റുകളുടെ കാലതാമസത്തെക്കുറിച്ചുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകും. പൊതുജനങ്ങള്‍ക്ക്  വീട് നിര്‍മ്മാണത്തിനായി അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പ് ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും  തടസങ്ങളും പുതിയ സംവിധാനം വഴി ഒഴിവാക്കാൻ കഴിയും. അഴിമതിയുടെ സാധ്യതയും ഇല്ലാതാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.