KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിഞ്ഞ സ്ഥലം ഷാഫി പറമ്പില്‍ എം.പി സന്ദർശിച്ചു 

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍ നിന്ന് മാറ്റി താമസിപ്പിച്ച മുപ്പതോളം കുടുംബങ്ങളെ എം.പി. സന്ദർശിച്ചു. കൊല്ലം ഗുരുദേവ കോളേജിലാണ് കുടുംബങ്ങള്‍ കഴിയുന്നത്.
ദുരന്ത സമാനമായ സാഹചര്യമാണ് ഇവിടെയുളളത്.ഭീകരമായ വിധത്തിലാണ് ഇവിടെ മണ്ണിടിയുന്നത്.റോഡിനു വശങ്ങളിലുള്ള വീടുകളൊന്നും വാസയോഗ്യമല്ല. കുടുംബങ്ങള്‍ കാലാകലമായി ഭീഷണി നേരിട്ട് ജീവിക്കുക പ്രയാസമാണ്. എല്ലാ കാലത്തും ദുരിതാശ്വാസ കേമ്പിലും താമസിക്കാനാവില്ല. കേന്ദ്ര ഉപരി തല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയെ വീണ്ടും സന്ദര്‍ശിച്ച് ജനങ്ങല്‍ നേരിടുന്ന പ്രയാസങ്ങള്‍ വിശദീകരിക്കും.ദേശീയ പാതാ നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണം.
മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണം. ഹൈവേക്ക് വേണ്ടി ഇത്രയും താഴ്ത്തി മണ്ണെടുത്തത് കാരണം വശങ്ങളില്‍ വലിയ തോതിലാണ് മണ്ണിടിയുന്നത്. വിദഗ്ധ സമിതി ഇവിടം സന്ദര്‍ശിച്ചതായാണ് വിവരം. അവരുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും എം.പി. ആവശ്യപ്പെട്ടു.
നഗരസഭ കൗണ്‍സിലര്‍മാരായ  കെ.എം. സുമതി, എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി, രജീഷ് വെങ്ങളത്ത് കണ്ടി, എം.ദൃശ്യ, കേളോത്ത് വത്സരാജ്, ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, എന്‍.മുരളീധരന്‍, വി.ടി. സുരേന്ദ്രന്‍, അരുണ്‍ മണമല്‍, നടേരി ഭാസ്കരൻ, തന്‍ഹീര്‍ കൊല്ലം, പി.കെ അരവിന്ദൻ, സി. പി. മോഹനന്‍, ചെറുവക്കാട് രാമന്‍, രമ്യ മനോജ്, ശ്രീജ റാണി തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.