KOYILANDY DIARY

The Perfect News Portal

പത്താം ക്ലാസ് വരെ മലയാള പഠനം ഉറപ്പാക്കണം. ഔദ്യോഗിക ഭാഷാ സമിതി

പത്താം ക്ലാസ് വരെ മലയാള പഠനം ഉറപ്പാക്കണം. ഔദ്യോഗിക ഭാഷാ സമിതി. തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്കൂളുകളുൾപ്പെടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലും 10-ാം ക്ലാസ് വരെ മലയാളം പഠിക്കാനുള്ള അവസരം ഉറപ്പു വരുത്തണമെന്ന് നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശ ചെയ്തു.

മലയാളത്തിൽ നിശ്ചിത യോഗ്യതയുള്ള ഭാഷാധ്യാപകരുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കണമെന്നും ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കും തിരിച്ചുമുള്ള വിവർത്തനങ്ങൾ സ്കൂൾ തലം മുതൽ പാഠ്യ മത്സര വിഷയമാക്കണമെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചു.

എല്ലാ സ്കൂളുകളിലും മലയാള പഠനം നടക്കുന്നുണ്ടോയെന്നും യോഗ്യരായ അധ്യാപകളുണ്ടോയെന്നും പരിശോധിക്കാൻ ഉചിതമായ സംവിധാനം ഏർപ്പെടുത്തണം. മാത്യു. ടി. തോമസ് അധ്യക്ഷനായ സമിതി അഭിപ്രായ രൂപീകരണം നടത്തി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സർക്കാർ ഓഫീസുകളിൽ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്നതിനു പദകോശം രൂപപ്പെടുത്തണം, സർക്കാർ ജോലിക്കായുള്ള മത്സര പരീക്ഷകളും അഭിമുഖങ്ങളും മലയാളത്തിലായിരിക്കണം തുടങ്ങി മലയാള ഭാഷയുടെ പ്രാധാന്യം വർധിപ്പിക്കുന്ന മറ്റു ശുപാർശകളും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
Advertisements