മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
.
അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.

ഒന്നാം പ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്. 13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.

ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. 2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (27) വിനെ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.




