നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണ മിശ്രിതവുമായി ദമ്പതികൾ പിടിയിൽ
.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണ മിശ്രിതവുമായി ദമ്പതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് (26), ഭാര്യ ജനോഫർ (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ജൂലൈ 13-ന് അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇരുവരും എത്തിയത്. മെറ്റൽ ഡിറ്റക്ടറുകളുടെ കണ്ണുവെട്ടിക്കാനായി സ്വർണ്ണം രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പ്രത്യേക പ്ലാസ്റ്റിക് പൗച്ചുകളിൽ പാൻ്റിൻ്റെ അരക്കെട്ടിൽ തുന്നിച്ചേർത്ത നിലയിൽ മിശ്രിത രൂപത്തിലുള്ള സ്വർണം കണ്ടെത്തുകയായിരുന്നു.

വേർതിരിച്ചെടുത്താൽ 1353.92 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുന്ന അളവിലുള്ള മിശ്രിതമാണ് കണ്ടെത്തിയത്. ഇതിന് വിപണിയിൽ 1.93 കോടി രൂപയ്ക്കുമേൽ വില വരുമെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.




