KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ ചൂട് ഇനിയും ഉയരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ഇനിയും ഉയരാൻ സാധ്യത. സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. തൃശൂരിൽ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയിലാണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്.