KOYILANDY DIARY

The Perfect News Portal

കള്ള വാർത്ത: മാമൻ മാത്യുവിനെതിരെ സിഐടിയു വക്കീൽ നോട്ടീസ്‌ അയച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ വിദ്യാർഥിനിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തിൽ സിഐടിയു ജില്ലാ നേതാക്കളെയും എൽഡിഎഫ്  കൺവീനർ ഇ പി ജയരാജനെയും അപമാനിക്കാൻ കള്ളവാർത്ത പ്രസിദ്ധീകരിച്ച മനോരമക്കെതിരെ സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. വി ജയപ്രകാശ് മുഖേന മനോരമ ചീഫ് എഡിറ്റർ മാമൻ മാത്യുവിനാണ് നോട്ടീസ് അയച്ചത്. നേതാക്കളെ അപമാനിക്കാൻ കെട്ടിച്ചമച്ച വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയുകയും മാനനഷ്ടത്തിന്‌ പരിഹാരമായി 10 കോടി രൂപ നൽകുകയും ചെയ്‌തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന്‌ നോട്ടീസിൽ പറയുന്നു.

നവംബർ 30ന് രാത്രിയാണ് വിദ്യാർഥിനിയും സുഹൃത്തും ആക്രമിക്കപ്പെട്ടത്. അറസ്റ്റിലായവർക്ക് വേണ്ടി സിഐടിയു ജില്ലാ നേതൃത്വം ഇടപെട്ടു എന്നായിരുന്നു മനോരമ വാർത്ത. നിസ്സാര കുറ്റങ്ങളേ ചുമത്താവൂ എന്ന്‌ നേതാക്കൾ പൊലീസിനോട് ആവശ്യപ്പെട്ടതായും ഈ ആവശ്യം ഉന്നയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പൊലീസിനെ വിളിച്ചതായും വാർത്തയിൽ പറയുന്നു. എന്നാൽ ഏതെങ്കിലും സിഐടിയു നേതാവോ ഇ പി ജയരാജനോ ഈ ആവശ്യം ഉന്നയിച്ചു പൊലീസിനെ വിളിക്കുകയോ പ്രതികൾക്കായി ഇടപെടുകയോ ചെയ്‌തിട്ടില്ല. സിഐടിയു നേതാക്കളെയും  എൽഡിഎഫ് കൺവീനറെയും അവഹേളിക്കാൻ മനപ്പൂർവം കെട്ടിച്ചമച്ച്‌ വാർത്ത നൽകുകയായിരുന്നു.

പ്രസിദ്ധീകരിക്കും മുമ്പ്  നേതാക്കളോട്  വിശദാംശങ്ങൾ അന്വേഷിക്കുകയോ വാർത്തയിൽ പറയുന്ന കാര്യം സത്യമാണെന്ന് ഉറപ്പാക്കാൻ ശ്രമിക്കുകയോ ചെയ്‌തില്ല. സിഐടിയുവിനെയും നേതാക്കളെയും ജനങ്ങൾക്കിടയിൽ അപമാനിക്കാനായി  അടിസ്ഥാനരഹിതമായ  വാർത്ത പ്രസിദ്ധീകരിച്ചതിലൂടെ സിഐടിയുവിന്റെ സൽപേരിന്‌ വലിയ കോട്ടമുണ്ടാക്കി. 14 ദിവസത്തിനുള്ളിൽ വാർത്ത പിൻവലിച്ച്‌ ക്ഷമാപണം  പ്രസിദ്ധപ്പെടുത്തുകയും നഷ്ടപരിഹാരം നൽകുകയും ചെയ്‌തില്ലെങ്കിൽ  നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ  പറഞ്ഞു.

Advertisements