KOYILANDY DIARY

The Perfect News Portal

അരുൺ ലൈബ്രറി വാർഷികം ‘നിറക്കൂട്ട് 22’ ആഘോഷിച്ചു.

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വാർഷികം ‘നിറക്കൂട്ട് 22’ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരി ഡോ. കെ. പി. സുധീര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി. ചന്തപ്പൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അനീതിക്ക് മുൻപിൽ ശിരസ്സ് കുനിയുമ്പോൾ അസ്വാതന്ത്ര്യത്തിൻ്റെ ചങ്ങലകളാൽ മനുഷ്യൻ ബന്ധിതമാകുമെന്നും നിർഭയത്വമാണ് മനുഷ്യ കുലത്തിൻ്റെ നിലനിൽപ്പിനും പുരോഗതിക്കും അടിസ്ഥാനമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ ഡോ. കെ. പി. സുധീര അഭിപ്രായപ്പെട്ടു.
Advertisements

നരബലി ഉൾപ്പെടെയുള്ള സംസ്കാരിക അധ:പതനത്തിൻ്റെ കെട്ട വർത്തമാന കാലത്തിൽ നീതി  ബോധത്തിൻ്റെ വെള്ളി വെളിച്ചം ഉയർത്തി പിടിക്കേണ്ടത് ഗ്രന്ഥശാലകളാണെന്നും. അക്ഷരങ്ങളാണ് അഗ്നിയായി പരിണമിക്കേണ്ടത്. അഗ്നി നാശവും, വെളിച്ചവുമാണ്, സാമൂഹ്യ ദുരാചരങ്ങളെയും അന്ധ വിശ്വാസങ്ങളെയും ചുട്ടുകരിക്കാനും ശാസ്ത്ര ബോധത്തിൻ്റെ തിരി നാളമുയർത്താനും ഗ്രന്ഥശാലകളാണ് മുൻകൈ എടുക്കേണ്ടത് എന്നും അവർ കൂട്ടി ചേർത്തു.

വാർഷിക ആഘോഷ ചടങ്ങിൽ ലൈബ്രറി നേരത്തെ നടത്തിയ താലൂക്ക് തല ചെസ്സ് മത്സരത്തിലെ വിജയികൾ, എസ്.എസ്.എൽ.സി, പ്ലസ്‌ ടു ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ, എളാട്ടേരിയിലെ വിവിധ മേഖലകളിൽ നിന്നുള്ള വേറിട്ട വ്യക്തിത്വങ്ങൾ എന്നിവരെ ആദരിച്ചു. തുടർന്ന് പ്രാദേശിക കലാകാരൻമാർ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടുമായ പി. വേണു, കന്മന ശ്രീധരൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, വാർഡ് മെമ്പർ ജ്യോതി നളിനം, വി. കെ. ശശിധരൻ, പി.കെ. മോഹനൻ, ധനീഷ് കുന്നത്ത്, സംഗമം കലാസമിതി അംഗം എം. യു. ഗംഗാധരൻ മാസ്റ്റർ, കെ. ദാമോദരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതവും ലൈബ്രറി പ്രസിഡണ്ട്‌ എൻ. എം. നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.