ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കം
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്ര പദ്ധതിക്ക് പച്ചക്കൊടി. നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് കോടിയുടെ പദ്ധതിയാണ് യാഥാര്‍ഥ്യമാക്കുന്നത്.2018-19 വര്‍ഷ കാലത്തുതന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തി ഈ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമികമായ നടപടികള്‍ ആരംഭിച്ചിരുന്നു.
തോട്ടത്തിന് കടവ് മുതല്‍ തെയ്യത്ത് കടവ് വരെയുള്ള പുഴയോരം ഭിത്തികെട്ടി രാവിലെയും വൈകുന്നേരവും നാട്ടുകാര്‍ക്കടക്കം സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുക, ടൈല്‍ പാകി വീതിയുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് സൗകര്യമൊരുക്കുക, മുളങ്കാടുകളും മരങ്ങളും നട്ടുപിടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതികള്‍.മുക്കം കേന്ദ്രീകരിച്ച് പൊതുമരാമത്ത് വിശ്രമകേന്ദ്രം സ്ഥാപിക്കാനും ഇരുവഴിഞ്ഞിപ്പുഴയില്‍ ബോട്ടുയാത്ര എന്നിവ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പിന് മുമ്ബാകെ നേരത്തെ സമര്‍പ്പിച്ചിരുന്നു.
പ്രഥമഘട്ടത്തില്‍ കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാത കടന്നുപോകുന്ന മുക്കം പാലം മുതല്‍ തുക്കുടമണ്ണ കടവ് വരെയാണ് പദ്ധതി നടപ്പാക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഭിത്തി നിര്‍മിക്കുന്നതിന് ചാക്കുകളില്‍ മണ്ണ് നിറക്കുന്ന നടപടികള്‍ ആരംഭിച്ചു.ചായക്കടകള്‍, സൈക്കിള്‍ സവാരി, ചൂണ്ടയിട്ട് മീന്‍പിടിക്കാനുള്ള സംവിധാനം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.സി.സി.ടി.വി കാമറ, വഴിവിളക്കുകള്‍ എന്നിവയും സ്ഥാപിക്കും.