ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ ജ്യേഷ്ഠന് വെട്ടിക്കൊന്നു

ഊട്ടി: ദളിത് പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ ജ്യേഷ്ഠന് വെട്ടിക്കൊന്നു. ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകന് വിനോദാണ് സഹോദരന് കനകരാജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. മേട്ടുപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വെള്ളിപാളയം സ്വദേശിയായ ദര്ശിനിപ്രിയ(18)യും കനകരാജും പ്രണയത്തിലായിരുന്നു. ഇത് കനകരാജിന്റെ വീട്ടുകാര്‍ എതിര്‍ത്തു.
വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ട് ദര്‍ശിനി പ്രിയ മൂന്നുതവണ കറുപ്പുസ്വാമിയെ സമീപിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് കനകരാജ് ദര്‍ശിനി പ്രിയയെയുംകൂട്ടി സമീപത്തെ ഗ്രാമത്തില്‍ വാടകക്ക് താമസിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സഹോദരന് വിനോദ് താമസ സ്ഥലത്തെത്തി കനകരാജുമായി വഴക്കുണ്ടാക്കി. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ വിനോദ് കനകരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കും വെട്ടേറ്റു. ഇവരെ പരിക്കുകളോടെ മേട്ടുപാളയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയശേഷം വിനോദ് ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി.

