മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു
.
ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം വിവിധ മതപരവും സാംസ്കാരികവുമായ പരിപാടികളോടെ ഭക്തിനിർഭരമായി സമാപിച്ചു. ഹോത്സവത്തിന്റെ ആദ്യദിവസം വൈകീട്ട് നാലിന് കലവറ നിറയ്ക്കൽ ചടങ്ങും ആറുമുതൽ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
.

.
ഗുരുവായൂർ ഏകാദശി ദിനത്തിൽ പുലർച്ചെ ഗണപതിഹോമവും ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപവും നടന്നു. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട് ദീപാരാധനയും ചുറ്റുവിളക്കും നടന്നു. രാത്രി ഏഴിന് ‘കലിയുഗത്തിൽ ഭക്തിയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ കുമാരി നിവേദ്യ സുധീർ ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെയും പ്രാദേശിക കലാകാരന്മാരുടെയും കലാപരിപാടികൾ അരങ്ങേറി. ഏകാദശി ദിനത്തിൽ നടന്ന കൃഷ്ണകുചേല സംഗമം ഭക്തിസാന്ദ്രമായി.
.

.
താലപ്പൊലി ദിനത്തിൽ പുലർച്ചെ ഗണപതിഹോമവും അഖണ്ഡനാമജപവും നടന്നു. രാവിലെ 10 മുതൽ ഡി കെയർ നടക്കാവിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര എന്നിവ പരിശോധിച്ചു. ക്ഷേത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനകരമായി. അരുൺ നമ്പിയാട്ടിൽ ക്യാമ്പിന് നേതൃത്വം നൽകി.
.

.
ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. വൈകീട്ട് ദീപാരാധനയ്ക്കും ചുറ്റുവിളക്കിനും ശേഷം ചെണ്ടവാദ്യത്തിന്റെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ നാറാത്ത് അയ്യപ്പ ഭജനമഠത്തിൽനിന്ന് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് കർപ്പൂരാരാധനയും നടന്നു.
.

.
രാത്രി 9ന് പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ സാമൂഹിക പ്രാധാന്യമുള്ള നാടകം ‘കൂട്’ അരങ്ങേറി. ഇതോടെ ഭക്തജനങ്ങളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ഈ വർഷത്തെ ഏകാദശി താലപ്പൊലി മഹോത്സവത്തിന് സമാപനമായി.



