കുറ്റ്യാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഏകജാലക സംവിധാനം അടിമറിച്ച് പ്രവേശനം: അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
കോഴിക്കോട്: കുറ്റ്യാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഏകജാലക സംവിധാനം അടിമറിച്ച് പ്രവേശനം നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. സംഭവത്തിൽ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി വിജിലൻസിൽ പരാതി നൽകി. ഏകജാലക സംവിധാനം അടിമറിച്ചതിൽ കുറ്റ്യാടി എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സർക്കാർ സ്പെഷ്യൽ ഓർഡർ പ്രകാരം 28 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം നൽകിയതിനെതിരെയാണ് വിജിലൻസിൽ ഡിവൈഎഫ്ഐ പരാതി നൽകിയത്. ഏകജാലക സംവിധാനം അട്ടിമറിച്ചു എന്നാണ് പരാതി.
ഭരണ സ്വാധീനം ഉപയോഗിച്ച് കൂട്ടത്തോടെ സ്പെഷ്യൽ ഓർഡർ പ്രവേശനം അനുവദിച്ചു എന്നും പരാതിയിൽ പറയുന്നു.

അർഹരായ വിദ്യാർത്ഥികളെ പുറത്തുനിർത്തി, പണം നൽകിയാണ് അഡ്മിഷൻ നൽകിയത്. സാമ്പത്തിക ലാഭത്തെ കുറിച്ച് അന്വേഷിക്കണം എന്നും സ്പെഷ്യൽ ഓർഡർ അനുവദിച്ചതിന് പിന്നിൽ കുറ്റ്യാടി എംഎൽഎ ആണെന്നും പരാതിയിൽ പറയുന്നു. സ്കൂളിലേക്ക് മാർച്ച് നടത്തിയതിൻ്റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്നും രാഷ്ട്രീയ ലക്ഷ്യംവെച്ച് പൊലീസ് പ്രവർത്തിക്കുന്നതായും ഡിവൈഎഫ്ഐ പരാതിപ്പെട്ടു.

28 കുട്ടികൾ എത്തുന്നതോടെ ഒരു ബാച്ചിൽ ഉണ്ടാവുക 70 ഓളം പേർ ആണ്. അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കെതിരല്ല പരാതിയെന്നും അടുത്തകാലത്ത് ഒന്നും കണ്ടുവരാത്ത രീതിയിലാണ് ഒരു സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്നത് എന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.




