KOYILANDY DIARY.COM

The Perfect News Portal

നിർമ്മാണ മേഖലയിലെ ചട്ടങ്ങളിൽ ഇളവ് വേണം; റെൻസ്ഫെഡ് ജില്ലാ സമ്മേളനം

.
​കൊയിലാണ്ടി: നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട CRZ (തീരദേശ പരിപാലന നിയമം), ഡാറ്റാ ബാങ്ക് ചട്ടങ്ങൾ എന്നിവയിലെ സങ്കീർണ്ണതകൾ ലഘൂകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ‘സഞ്ചയ’ സോഫ്റ്റ്‌വെയറിലെ തെറ്റുകൾ അദാലത്തുകളിലൂടെ അടിയന്തരമായി തിരുത്തണമെന്നും രജിസ്റ്റേർഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (RENSFED) കോഴിക്കോട് അഞ്ചാംമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
. 
.
​കൊയിലാണ്ടിയിൽ നടന്ന സമ്മേളനം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. സുധീഷ് കുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ. പ്രഭിൻ നന്ദിയും പറഞ്ഞു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അഖില, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് സജി കുര്യാക്കോസ്, സംസ്ഥാന ട്രഷറർ യു. പ്രഭു, സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സലാം, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ  മധു എസ്. നായർ, ടി.വി. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.  
.
​പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സജി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. മുസ്തഫ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. സിക്കന്തർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. സുഭാഷ്, മുൻ സംസ്ഥാന പ്രസിഡന്റ് കെ. മനോജ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി കെ.കെ. സുധീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ.കെ. രാം മോഹൻ സാമ്പത്തിക റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സലാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സെമിനാർ കമ്മിറ്റി കൺവീനർ സി. മനോജ് പ്രമേയങ്ങൾ അവതരിപ്പിച്ചു.  
.
​സമ്മേളനം പാസാക്കിയ പ്രധാന പ്രമേയങ്ങൾ:
​ CRZ ചട്ടങ്ങളിൽ ഇളവ് വേണം: CRZ പരിധിയിൽ പെർമിറ്റില്ലാതെ നിർമ്മാണം തുടങ്ങിയതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ സർക്കാർ ഇടപെടണം. നിലവിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മാത്രമാണ് CRZ എൻ.ഒ.സി ലഭിക്കുന്നത്. ഇത് 300 ചതുരശ്ര മീറ്റർ വരെയുള്ള എല്ലാ കെട്ടിടങ്ങൾക്കും ബാധകമാക്കുന്ന തരത്തിൽ ചട്ടഭേദഗതി വരുത്തണം. കൂടാതെ, അനുമതിക്കായുള്ള അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ തിരുവനന്തപുരത്തിന് പുറമെ കേരളത്തിൽ നാല് റീജിയണൽ മേഖലാ ഓഫീസുകൾ കൂടി തുറക്കണം.  
.
​ ഡാറ്റാബാങ്ക് നിയമങ്ങൾ ലഘൂകരിക്കണം: ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയിൽ 10 സെന്റിന് താഴെയുള്ള സ്ഥലത്ത് 120 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മാത്രമുള്ള നിർമ്മാണാനുമതി, 120 ചതുരശ്ര മീറ്റർ വരെയുള്ള എല്ലാവിധ കെട്ടിടങ്ങൾക്കും ലഭിക്കുന്ന തരത്തിൽ ഭേദഗതി ചെയ്യണം. ഡാറ്റാബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. കൂടാതെ, ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിലുള്ള 10-20 വർഷം പഴക്കമുള്ള വീടുകൾക്ക് മുകളിൽ ഒരു നില പണിയുന്നതിനോ മുറി കൂട്ടിയെടുക്കുന്നതിനോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തന്നെ നേരിട്ട് അനുമതി നൽകാൻ നടപടി സ്വീകരിക്കണം.  
.
.
​’സഞ്ചയ’ സോഫ്റ്റ്‌വെയറിലെ അപാകതകൾ പരിഹരിക്കുക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസസ്മെന്റ് രജിസ്റ്ററിന് പകരം സന്നദ്ധസേവകർ നൽകിയ തെറ്റായ വിസ്തീർണ്ണമാണ് നിലവിൽ ‘സഞ്ചയ’ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഉടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി, IKM മോഡിഫിക്കേഷൻ അപേക്ഷ നൽകി എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുൻകൂട്ടി രേഖകൾ പരിശോധിച്ച് അദാലത്തുകൾ സംഘടിപ്പിച്ച് തെറ്റുകൾ തിരുത്തണം.
Share news