KOYILANDY DIARY.COM

The Perfect News Portal

ഇ.എസ്.എ വിജ്ഞാപനം: ജനവാസ – കാർഷിക മേഖലകളെ പൂർണമായി ഒഴിവാക്കാൻ നടപടി

.
കോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കേരളത്തിലെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ മേഖലയിലെ ജനവാസ- കാർഷിക ഭൂമികളെ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജ്ജിതമായി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2026 ജൂലൈ 25-ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24-ന് അവസാനിക്കാനിരിക്കെ, സർക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി സമയബന്ധിതമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിക്കും.
.
.
സംസ്ഥാനത്തെ 30-ലധികം വില്ലേജുകളെ പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളിൽ ജനവാസ കേന്ദ്രങ്ങളെയും കാർഷിക ഭൂമികളെയും ഇ.എസ്.എ പരിധിയിൽ നിന്ന് മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഷയത്തിന്റെ ഗൗരവം മുൻനിർത്തി മുഖ്യമന്ത്രി, പരിസ്ഥിതി, കൃഷി, റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുടർ കൂടിയാലോചനകൾ നടന്നു വരികയാണ്. കൂടാതെ, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ശാസ്ത്രീയമായ തെളിവുകളും കർഷകരുടെ ആശങ്കകളും വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Share news