അഞ്ചാം പനി: പ്രതിരോധ കുത്തിവെപ്പെടുക്കാം, സുരക്ഷ ഉറപ്പാക്കാം
.
എല്ലാ പ്രായക്കാര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള വൈറസ് രോഗമാണ് മീസില്‍സ്. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. പ്രതിരോധ കുത്തിവെപ്പിലൂടെ തടയാന്‍ പറ്റുന്ന അസുഖമായതിനാല്‍ കുട്ടികള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ ടി സരിത കുമാരി അറിയിച്ചു.

പകര്‍ച്ച വായുവിലൂടെ
മണ്ണന്‍ പോലെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. വായുവിലൂടെയും രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരുന്നു.

രോഗലക്ഷണങ്ങള്‍
ശക്തമായ പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകള്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍, വായില്‍ ചുവപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധയേറ്റ് 10 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

പ്രതിരോധ കുത്തിവെപ്പ് പ്രധാനം
വൈറല്‍ രോഗമായതിനാല്‍ മീസില്‍സിന് പ്രത്യേകം ചികിത്സകളൊന്നുമില്ല രോഗലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. എന്നാല്‍ വാക്‌സിനേഷനിലൂടെ പൂര്‍ണമായി തടയാന്‍ സാധിക്കുന്ന രോഗമാണിത്. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മീസില്‍സിന് എതിരെയുള്ള പ്രതിരോധ കാത്തിവെപ്പ് ലഭ്യമാണ്. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസല്‍സ് റൂബെല്ല വാക്‌സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 45 സംശയിക്കുന്ന മീസില്‍സ് കേസുകളും 64 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മരണവും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്ത കൂട്ടിയാണ് മരണപ്പെട്ടത്.



