KOYILANDY DIARY.COM

The Perfect News Portal

ക്വിറ്റ് ഇന്ത്യാ സമര സ്മാരക സ്തൂപത്തിൻ്റെ ശിലാസ്ഥാപനം

.
ചേമഞ്ചേരിയുടെ സമരജീവിത ചരിത്രം പുതിയ തലമുറക്ക് കൈമാറുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും, അതിന് ചേമഞ്ചേരി പ്രദേശത്തുകാരോടൊപ്പം ഉണ്ടാകുമെന്നും കെ. പ്രവീൺ കുമാർ എംഎൽഎ പറഞ്ഞു. 1992 ൽ സ്ഥാപിച്ച ക്വിറ്റ് ഇന്ത്യാ സമര സ്മാരക സ്തൂപം ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി തകർക്കപ്പെട്ടതിനെ തുടർന്ന് രൂപീകരിച്ച സ്തൂപ പുനർ നിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രക്ഷോഭ പരിപാടികൾ നടന്ന പ്രദേശമാണ് ചേമഞ്ചേരി. അതിൻ്റെ ഭാഗമായി ബ്രിട്ടീഷ് പോലീസിൻ്റെ ഭീകരവേട്ടയാടലുകൾക്ക് വിധേയരായവരാണ് ഈ പ്രദേശത്തുകാർ. 1942 ആഗസ്ത് 19 ന് ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി ഒറ്റരാത്രി കൊണ്ടാണ് ചേമഞ്ചേരി സബ് റജിസ്റ്റർ ഓഫീസ്, ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ അംശകച്ചേരി, തിരുവങ്ങൂർ ട്രെയിൻ ഹാൾട്ട് എന്നിവ അഗ്‌നിക്കിരയാക്കിയത്.
സ്വാതന്ത്ര്യസമര സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന നിരോധിക്കപ്പെട്ട സ്വതന്ത്ര ഭാരതം എന്ന പത്രം ഇവിടെ നിന്നായിരുന്നു രഹസ്യമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. 2027 ജനുവരി 26 ന് സ്തൂപനിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. യു.കെ രാഘവൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. രാജശ്രീ കെ. ബി പ്രാർത്ഥനാ ഗീതം ചൊല്ലി.  ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അജയ് ബോസ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ ദാസ്, ഗ്രാമപഞ്ചായത്ത് അംഗം ഗീത കുറ്റിച്ചണ്ടി, കെ. ശ്രീനിവാസൻ, ഷബീർ എളവനക്കണ്ടി, കെ. പ്രദീപൻ, സജീവ് കുമാർ, ആലിക്കോയ ഹിദായത്ത്, അവിണേരി ശങ്കരൻ, അജീഷ് പൂക്കാട്, ഉണ്ണികൃഷ്ണൻ തിരൂളി, ശിവദാസ് കാരോളി എന്നിവർ ആശംസകൾ നേർന്നു. പുനർ നിർമാണ കമ്മിറ്റി ജനറൽ കൺവീനർ വി.ടി വിനോദ് സ്വാഗതവും പുനർനിർമാണ കമ്മിറ്റി വൈസ് ചെയർമാൻ സത്യനാഥ് മാടഞ്ചേരി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!