വിദ്യ നേടാനുള്ള മാനദണ്ഡം പണമല്ല മിടുക്കാണ്: ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ
.
പയ്യോളി: വിദ്യ തേടാനുള്ള മാനദണ്ഡം പണമല്ലെന്നും മിടുക്കാണെന്നും എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രസ്താവിച്ചു. പണം കൊടുത്ത് ചോദ്യപ്പേപ്പർ മുൻകൂർ വാങ്ങാൻ കിട്ടുന്ന രാജ്യമായി നാം മാറിപ്പോയത് വിദ്യ തേടാനുള്ള മാനദണ്ഡം പണമാണെന്ന് കരുതുന്നതുകൊണ്ടാണ്. സി.പി.ഐ നേതാവായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാമത് അനുസ്മരണ സമ്മേളനം പയ്യോളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എക്കാലവും കർഷകർക്കും സാധാരണക്കാർക്കും താങ്ങും തണലുമായത് കമ്യൂണിസ്റ്റുകാരാണ്.
.

.
കേരളത്തിൽ ഭൂപരിഷ്കരണം സാധ്യമായത് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതുകൊണ്ട് മാത്രമാണെന്നും ഇക്കാര്യത്തിൽ എക്കാലത്തും ഓർക്കപ്പെടേണ്ട നാമം സി അച്ചുതമേനോനോൻ്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യോളി അരങ്ങിൽ ശ്രീധരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ശശിധരൻ അധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള അനുസ്മരണ പ്രഭാഷണം നടത്തി.
.

.
സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ബാലൻ മാസ്റ്റർ പുതുതായി പാർട്ടിയിൽ വന്നവർക്ക് പതാക കൈമാറി സ്വീകരിച്ചു. ജില്ല എക്സി. അംഗം ഇ.കെ. അജിത്ത്, മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽകുമാർ, സുധീഷ് രാജ് കൂടയിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ബാലസാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മിഥുന സജിൻ, എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഭഗത് ലിപിൽ. എസ്.എസ്, ഗൗതമി. എസ്.ആർ, അലഗ് സുമേഷ്, ലയസുമേഷ് എന്നിവർക്കുള്ള പുരസ്കാരം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ വിതരണം ചെയതു.



