KOYILANDY DIARY.COM

The Perfect News Portal

ഫിഫ ലോകകപ്പ്: ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ സെമി ഫൈനലില്‍

.

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍. തിരക്കഥയില്‍ മാറ്റമില്ല. പാസുകളുടെ പെരുമഴ തീര്‍ത്താണ് സ്‌പെയിന്‍ കളം നിറഞ്ഞത്. മത്സരത്തിലുടനീളം തൊണ്ണൂറ്റിയൊന്ന് ശതമാനം കൃത്യതയോടെ സ്പാനിഷ് നിര കൈമാറിയത് 663 പാസുകളായിരുന്നു.

 

പരിക്കേറ്റ പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ഫാബിയാന്‍ റൂയിസിലൂടെ മുപ്പതാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ജെറമി ഡോക്കുവിലൂടെ ബെല്‍ജിയം നടത്തിയ കൗണ്ടര്‍ അറ്റാക്കുകള്‍ എല്ലാം സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി തെറിച്ചു. എന്നാല്‍ 41-ാം മിനിറ്റില്‍ കെറ്റലെരെയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ ബെല്‍ജിയം സമനില പിടിച്ചു. രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ആക്രമണം കടുപ്പിച്ചു.

 

59-ാം മിനിറ്റില്‍ ലുക്കാക്കുവിനെ ബെല്‍ജിയം കളത്തിലിറക്കിയെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ യൂറി ടീലേമന്‍സ് പരുക്കേറ്റ് പുറത്തായതും ബെല്‍ജിയത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റിച്ചു. സ്‌പെയിന്‍ തൊടുത്തുവിട്ട 18 ഷോട്ടുകളില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ഗറ്റ്. ബെല്‍ജിയത്തിന്റെ രക്ഷകനായി ഗോള്‍വലയ്ക്ക് മുന്നില്‍ തിബോ കോര്‍ട്ടോയിസ് നെഞ്ച് വിരിച്ചു നിന്നു. തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ കോര്‍ട്ടോയിസ് നടത്തിയ സേവുകളാണ് സ്‌പെയിന് മുന്നില്‍ ബെല്‍ജിയത്തെ പിടിച്ചുനിര്‍ത്തിയത്.

 

71-ാം മിനിറ്റില്‍ പരുക്കേറ്റ് കോര്‍ട്ടോയിസ് കളം വിട്ടത് ബെല്‍ജിയത്തിന് വലിയ തിരിച്ചടിയായി. യുവ കീപ്പര്‍ സെന്നെ ലമ്മെന്‍സ് പകരക്കാരനായി എത്തി. 88-ാം മിനിറ്റില്‍ കുബാര്‍സിയുടെ ലോങ് റേഞ്ചര്‍ തട്ടിയകറ്റിയെങ്കിലും പോര്‍ച്ചുഗലിനെതിരെ രക്ഷകനായ മിഖേല്‍ മൊറിനോ വീണ്ടും അവതരിച്ചു. തകര്‍പ്പന്‍ ഗോളില്‍ ബെല്‍ജിയത്തിന്റെ നെഞ്ചുതകര്‍ത്ത് സ്‌പെയിന്‍ സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. ഇനി ആരാധകര്‍ സൂപ്പര്‍ സെമിയുടെ ആവേശത്തിലാണ്. ബുധനാഴ്ച്ച രാത്രി 12:30ന് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയില്‍ ഫ്രാന്‍സിനെ നേരിടും.

Share news
error: Content is protected !!