അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; പ്രാഥമിക റിപ്പോർട്ട് കൈമാറി യുപി സർക്കാർ
.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ മുഖം രക്ഷിക്കൽ നടപടിയുമായി സംഘപരിവാർ. കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി റിപ്പോർട്ട് തേടി. പ്രാഥമിക റിപ്പോർട്ട് യുപി സർക്കാർ കൈമാറി. എസ്ഐടി അന്വേഷണം വേഗത്തിൽ നടത്തി മുഖം രക്ഷിക്കാനാണ് സംഘപരിവാറിന്റെ നീക്കം. അഴിമതിയിൽ ആർഎസ്എസ് ബിജെപി നേതൃത്വം പ്രതിസ്ഥാനത്ത് ആയതോടെ ആണ് യുപി സർക്കാരിനോട് പ്രധാനമന്ത്രി റിപ്പോർട്ട് തേടിയത്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന അഴിമതിയിൽ ആർഎസ്എസ് ബിജെപി നേതൃത്വം വലിയ പ്രതിരോധത്തിൽ ആകുമ്പോൾ കൂടുതൽ തട്ടിപ്പുകൾ ആണ് പുറത്ത് വരുന്നത്. സ്വർണം, വെള്ളി കട്ടികൾക്ക് പുറമേ ശ്രീരാമൻ്റെ വെള്ളി പാദുകങ്ങളും കാണാനില്ലെന്ന് പരാതി.

മുംബൈയിലെ വ്യവസായി സംഭാവന ആയി നൽകിയ മൂന്ന് കിലോ വെള്ളി ആഭരണങ്ങളും, വെള്ളി പാദുകവും ആണ് കാണാതായത്. വലിയ പ്രതിഷേധം ഉയർന്നു വരുമ്പോഴും ട്രസ്റ്റിൻ്റെ ചെയർമാൻ ചമ്പത്ത് റായിയെ ഇപ്പോഴും സംരക്ഷിക്കുന്നത് എന്തിനെന്നും, പുറത്താക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
അതിനിടെയിലാണ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി സർക്കാരിനോട് റിപ്പോർട്ട് തേടിയത്. യുപി സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം സർക്കാരിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതോടെ കാണിക്ക എണ്ണുന്നതിൽ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. മേശപ്പുറത്ത് വെച്ച് എണ്ണുന്നത് വിലക്കി. നിലത്ത് പായ വിരിച്ച് എണ്ണണമെന്നും, വീഡിയോ ചിത്രീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സുപ്രീംകോടതിക്ക് മുന്നിൽ ഹർജി എത്തിയിട്ടുണ്ട്.



