സ്ത്രീത്വത്തെ അപമാനിച്ചു; ടിനി ടോമിനെതിരെ പരാതി നല്കി നടി അന്‍സിബ ഹസന്
.
നടന് ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്കി നടി അന്‍സിബ ഹസന്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വര്‍ഗീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് അന്‍സിബ പരാതി നല്‍കിയത്. താരസംഘടനയായ എഎംഎംഎയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു.

എഎംഎംഎ ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ ടിനിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്. തുടർച്ചയായി തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയ ടിനി ടോം തന്നെ മതപരമായി ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്തുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.

സംഘടനാതലത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്. ടിനി സാമൂഹ്യ വിപത്താണെന്നും തന്നോട് മാത്രമല്ല കേരളസമൂഹത്തോടും ടിനി വലിയ ദ്രോഹമാണ് ചെയ്തതെന്നും അന്‍സിബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്‍ഫോപാര്‍ക്ക് പോലീസിനാണ് അന്‍സിബ ഇ മെയിലായി പരാതി നല്‍കിയത്. തുടര്‍ച്ചയായി വര്‍ഗീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ടിനിക്കെതിരായ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ കമ്മിറ്റി വേണമെന്ന് എഎംഎംഎ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതുവരെ നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചിട്ടില്ലെന്നും അന്‍സിബ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അൻസിബ നൽകിയ പരാതിയിൽ തൃക്കാക്കര എ സി പി ആരോപണ വിധേയയായ നടി ലക്ഷ്മി പ്രിയയുടെ മൊഴിയെടുത്തിരുന്നു. തൃപ്പൂണിത്തറ വനിതാ സെൽ എസ്ഐ രേഷ്മയുടെ ഉള്‍പ്പടെ കൂടുതല്‍ പേരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.



