ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്
.
ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2026 അവസാനം ആകുമ്പോഴേക്കും പ്രതിവര്‍ഷം 15 ലക്ഷത്തിലധികം പുതിയ കേസുകള്‍ പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജീവിത ശൈലിയും ജനിതകമായ കാരണങ്ങളും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ചില നിത്യോപയോഗ വസ്തുക്കളും ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്നറിയാം.

പാത്രം കഴുകുന്ന സ്പോഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. സ്പോഞ്ചുകളില്‍ സൂക്ഷ്മ ബാക്ടീരിയകള്‍ ഉണ്ടാകാം. അവ പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയും അതുവഴി ശരീരത്തില്‍ എത്തുകയും നമ്മുടെ രോഗ പ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും ചെയ്യും.

സംസ്കരിച്ചതും വറുത്തതും പൊരിച്ചതുമൊക്കെയായ ലഘുഭക്ഷണങ്ങളുടെ പതിവ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങളില്‍ രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളും മറ്റും അടങ്ങിയിട്ടുണ്ടാവും. ഇത് കാലക്രമേണ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പഞ്ചസാര കൂടുതലുള്ള ഭക്ഷണ പാനിയങ്ങള്‍ പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് മിതമായി കഴിക്കണം. അമിതമായി പഞ്ചസാര കഴിക്കുന്നത് പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ വരാന്‍ കാരണമാകും. ചില പഠനങ്ങള്‍ പ്രകാരം ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
അടുക്കളകളില്‍ ഭക്ഷണവസ്തുക്കള്‍ ഇട്ട് വെയ്ക്കാനും മറ്റും പ്ലാസ്റ്റിക് പാത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ അവ അത്ര സുരക്ഷിതമായിരിക്കില്ല. ദോഷകരമായ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് ഒഴുകിയെത്തിയേക്കാം. പ്രത്യേകിച്ച് ഭക്ഷണം ചൂടായിരിക്കുന്ന അവസ്ഥയില്‍. അതുകൊണ്ടുതന്നെ മൈക്രോപ്ലാസ്റ്റിക്കുകളും വിഷവസ്തുക്കളും ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണങ്ങള്‍.



