KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരുവില്‍ മലയാളി യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയെന്ന് പൊലീസ്

.

തൃശൂര്‍: ബംഗളൂരുവില്‍ മലയാളി യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമി. 2024 ഒക്ടോബറില്‍ കൊച്ചിയിലെ മൃഗാശുപത്രിയില്‍ അക്രമം കാണിക്കുകയും മൃഗ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആളാണ് ദീപക് കൃഷ്ണന്‍. കൊക്കെയ്ന്‍ കൈവശം വെച്ചതിനും പൊലീസ് പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശിയായ ദീപക് ദുബായില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു.

 

സഹപ്രവര്‍ത്തകരില്‍ നിന്ന് മൂന്നുകോടി രൂപ തട്ടിയതിന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ദീപക് ദീര്‍ഘകാലമായി ബെംഗളുരുവിലായിരുന്നു താമസം. നായ്ക്കളെ വളര്‍ത്തലായിരുന്നു ദീപക്കിന്റെ വിനോദം. ഇന്നലെയാണ് വാടാനപ്പള്ളി സ്വദേശിയായ സുനിത (47) മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യുവതി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ്  പൊലീസ് എഫ്ഐആറിൽ പറയുന്നത്. കാരണവര്‍ കേസിലെ പ്രതിയായ ഷെറിന്റെ സഹതടവുകാരിയായിരുന്നു സുനിത.

Advertisements

 

ഷെറിന് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന പരാതിയുയര്‍ത്തിയത് സുനിതയാണ്. വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കൾക്ക് നൽകിയിരുന്നത്. സ്കൂൾ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായുളള ഷെൽട്ടർ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്.

 

ഏപ്രില്‍ 17ന് സഹോദരിയുടെ മകൾക്കും ഒരു തൃശൂർ സ്വദേശിനിയ്ക്കും ഭർത്താവിനുമൊപ്പമാണ് സുനിത ബെംഗളൂരുവിലെത്തിയത്. 40,000 രൂപ ശമ്പളമെന്ന പരസ്യം കണ്ടാണ് ഇവർ കേരളം വിട്ടത്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു ദീപക്. നായ്ക്കളെ വളർത്തൽ ദീപക്കിന്റെ വിനോദമായിരുന്നു. ഇയാൾ ശാരീരിക ഉപദ്രവം ആരംഭിച്ചതോടെ സുനിത രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ദീപക് സുനിതയുടെ നെഞ്ചില്‍ ചവിട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലേക്ക് കൊണ്ടുവരികയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 3-നായിരുന്നു ആക്രമണം. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. പൊലീസ് ദീപക്കിനായുളള തിരച്ചിൽ തുടരുകയാണ്.

Share news
error: Content is protected !!