മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം
.
മലപ്പുറം: മലപ്പുറം കാളികാവിനടുത്ത് തുവ്വൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയാണ് നിലമ്പൂർ – ഷൊർണ്ണൂർ മെമു ട്രെയിനിന് മുകളിലേക്ക് തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ ഭിത്തി തകർന്നുവീണത്. ട്രെയിൻ സാവധാനത്തിലായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായെങ്കിലും റെയിൽവേ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

അപകടത്തിൽ നിലമ്പൂർ-ഷൊർണ്ണൂർ മെമുവിന് കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. അഗ്നിരക്ഷാസേനയും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് ട്രാക്കിലെ മണ്ണും കല്ലുകളും നീക്കം ചെയ്ത ശേഷം രാവിലെ 7.45- ഓടെയാണ് ഗതാഗതം സാധാരണ നിലയിലായത്. അപകടത്തെ തുടർന്ന് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

മെമു ട്രെയിൻ നിലമ്പൂരിലേക്ക് തിരിച്ചുവിട്ടെങ്കിലും രാജ്യറാണി എക്‌സ്പ്രസ് രണ്ടര മണിക്കൂറിലധികം വൈകിയാണ് യാത്ര തുടർന്നത്. റെയിൽപാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് ഈ മേൽപ്പാലം നവീകരിച്ചത്. എന്നാൽ, സംരക്ഷണഭിത്തിയുടെ നിർമാണം അശാസ്ത്രീയവും ദുർബലവുമാണെന്ന് നാട്ടുകാർ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. ഈ പരാതികൾ അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഉയരുന്ന ആക്ഷേപം.




