വീണ്ടും ചരിത്രം കുറിച്ച് മെസ്സി; ഇനി റൊണാൾഡോയ്‌ക്കൊപ്പം 900-ഗോൾ ക്ലബ്ബിൽ
.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി പ്രൊഫഷണൽ ഫുട്ബോൾ ചരിത്രത്തിൽ 900 ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി. 38 വയസ്സുള്ള അർജന്റീനയുടെ ഇതിഹാസ താരം, കോൺകാഫ് ചാമ്പ്യൻസ് കപ്പിൽ ഇന്റർ മിയാമിക്കു വേണ്ടി നാഷ്‌വില്ലേ എസ് സിയ്ക്കെതിരെയാണ് തന്റെ 900-ാമത്തെ ഗോൾ നേടുന്നത്.

2005 ഇൽ ബാഴ്സലോണയ്ക്കായി അരങ്ങേറിയ മെസ്സി ഇതിനകം പിഎസ്ജി, ഇന്റർ മിയാമി എന്നീ ക്ലബ്ബുകൾക്കും അര്ജന്റീന ദേശീയ ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. 2022-ലെ ലോകകപ്പ് കിരീടം ഉൾപ്പടെ അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയ താരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായാണ് കരുതപ്പെടുന്നത്.

മെസ്സി ഐതിഹാസിക ഗോൾ നേടിയെങ്കിലും, മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞതോടെ മിയാമി ടൂർണമെന്റിൽ നിന്നും പുറത്തായി. ഈ വർഷം നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അര്ജന്റീന ദേശീയ ടീമിനെ നയിക്കാൻ ഇറങ്ങുന്ന മെസ്സി ഇതിനകം 196 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 115 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 946 ക്ലബ് മത്സരങ്ങൾ കളിച്ച താരം ആ മത്സരങ്ങളിൽ 785 ഗോളുകൾ അടിച്ചുകൂട്ടി.




