കുഞ്ഞുവിരൽ വലുപ്പമുള്ള ഖുർആൻ മുതൽ രാജഭരണകാലത്തെ വെള്ളിനാണയങ്ങൾ വരെ; കൗതുകമായി ഹമീദിൻ്റെ പുരാവസ്തു ശേഖരം
.
ഇസ്ലാമിക ചരിത്ര ശേഷിപ്പുകളുൾപ്പെടെ പുരാവസ്തുക്കളുടെ വിപുലമായ ശേഖരം കാത്ത് സൂക്ഷിക്കുകയാണ് കാസർഗോഡ് പൈക്ക കുഞ്ഞിപ്പാറ സ്വദേശി ഹമീദ്. കുഞ്ഞുവിരലിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ മുതൽ വിവിധ കാലഘട്ടങ്ങളിൽ പാരായണം ചെയ്തിരുന്ന വ്യത്യസ്ത വലിപ്പത്തിലുള്ള ഖുർആനുകളുടെ ശേഖരം കാസർഗോഡ് പൈക്ക കുഞ്ഞിപ്പാറയിലെ ഹമീദിൻ്റെ ശേഖരത്തിലുണ്ട്.

തസ്‌ബീഹ് മാലകൾ, ബൈത്തുൽ മുഖദ്ദിസ് മക്ക-മദീന തുടങ്ങി ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ വിവിധ കാലഘട്ടത്തിലെ ഫോട്ടോകൾ, കസവു നൂലിനാൽ കാലിഗ്രഫി തുന്നിയ മുസല്ലകൾ, തുടങ്ങി ഉത്തര മലബാറിലെ മാപ്പിള ജീവിതത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന നിരവധി വസ്തുക്കളുടെ വിസ്മയകരമായ കാഴ്ചകൾ ഇവിടെ കാണാം.

പത്താംക്ലാസിൽ കൗതുകത്തിന് സ്റ്റാമ്പ് ശേഖരണം തുടങ്ങിയ ഹമീദ് പിന്നീട് ഇസ്ലാമിക ചരിത്രശേഷിപ്പുകൾ കൂടുതൽ ശേഖരിച്ച് തുടങ്ങുകയായിരുന്നു. 18 വർഷത്തെ പ്രവാസ ജീവിതം വഴി ലഭിച്ച ബന്ധങ്ങൾ ശേഖരണത്തിന് സഹായമായി. കറൻസികളുടെയും നാണയങ്ങളുടെയും വലിയ ശേഖരവും ഹമീദിന്റെ കൈവശമുണ്ട്. ഹൈദരാബാദ് രാജാക്കന്മാർ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറക്കിയ കല്ലുനാണയം, കേന്ദ്രസർക്കാർ ഏറ്റവും അവസാനം പിൻവലിച്ച നാണയം, ആദ്യ റിസർവ് ബാങ്ക് ഗവർണർമാർ ഒപ്പിട്ട നോട്ടുകൾ, ടിപ്പുവിൻ്റെ കാലത്തെ നാണയങ്ങൾ, ടിപ്പുവിന്‍റെ മുദ്ര പതിച്ച കോപ്പർ ടോക്കണുകൾ ഉൾപ്പെടെ രാജഭരണകാലത്തെ വെള്ളിനാണയങ്ങൾ ഇങ്ങനെ നീളുന്നു കറൻസി – നാണയശേഖരം.

ശേഖരിച്ച വസ്തുക്കളെല്ലാം ചേർത്തുവെച്ച് പ്രദർശനമൊരുക്കണമെന്നാണ് ഹമീദിന്‍റെ ആഗ്രഹം. അപൂർവ ശേഖരത്തെ പ്രശംസിച്ച് മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ അയച്ച കത്തും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്റെയും കാനന്നൂർ ഫിലാറ്റലിക് ക്ലബിന്റെയും ആജീവനാന്ത അംഗമാണ് ഹമീദ്.



