വലിയങ്ങാടി അപകടം; മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് മേയർ ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാൾക്ക് 50,000 രൂപയും അനുവദിക്കും: മേയർ ഒ സദാശിവൻ
.
വലിയങ്ങാടിയിൽ അപകടഭീഷണിയിലുള്ള 16 കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും, അപകടം നടന്നത് ഇതിൽ ഉൾപ്പെട്ട കെട്ടിടത്തിലാണെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ വ്യക്തമാക്കി. ഈ കെട്ടിടങ്ങളിൽ പുതിയതായി ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും നിലവിലുള്ളവർക്ക് മാത്രമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നും മേയർ അറിയിച്ചു.

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും ബലക്ഷയം അടിയന്തരമായി പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തുമെന്നും മേയർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് മേയർ ഉറപ്പുനൽകി. ഇതിന് പുറമെ, മേയറുടെ ഫണ്ടിൽ നിന്ന് അടിയന്തര സഹായമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50,000 രൂപയും അനുവദിക്കും.

ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് മേയർ കുറ്റപ്പെടുത്തി. അപകടഭീഷണി നിലനിൽക്കുന്ന പാളയം മാർക്കറ്റ് ഒഴിയുന്ന കാര്യത്തിൽ പ്രതിപക്ഷം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ബഹളം വെക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ലെന്നും മേയർ വിമർശിച്ചു.




