ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ നേട്ടവുമായി ഉസൈന്‍ ബോള്‍ട്ട്
റിയോ: ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4×100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണം നേടിയതോടെയാണ് റിയോയില്‍ ട്രിപ്പിളും കഴിഞ്ഞ മൂന്ന് ഒളിംപിക്സുകളിലായി ട്രിപ്പിള്‍ ട്രിപ്പിളും തികച്ച് ബോള്‍ട്ട് ചരിത്രം കുറിച്ചത്. റിയോയില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4×100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയാണ് ബോള്‍ട്ട് സ്പ്രിന്റ് ട്രിപ്പിള്‍ തികച്ചത്. 2008ല്‍ ബെയ്ജിങ്ങിലും 2012ല്‍ ലണ്ടനിലും ഈയിനങ്ങളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ഇതോടെയാണ് ചരിത്രത്തിലാദ്യമായി ട്രിപ്പിള്‍ ട്രിപ്പിള്‍ തികയ്ക്കുന്ന താരമായി ബോള്‍ട്ട് മാറിയത്.