KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19കാരി പിടിയിൽ

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19കാരി പിടിയിൽ. കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താന്‍ ശ്രമിച്ച  19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ഷഹലയാണ് 1884 ഗ്രാം സ്വർണവുമായി എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

ഞായറാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിയില്‍നിന്നും എത്തിയതാണ് യുവതി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്തുനിന്നാണ് പൊലീസ് പരിശോധന നടത്തിയത്. യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീർത്തു പറഞ്ഞു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനുള്ളിൽ അതിവിദ​ഗ്ധമായി ഒരു കോടിരൂപ വില വരുന്ന 24 ക്യാരറ്റ് സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തിയത്.

വിമാനത്താവളങ്ങളിൽ പൊലീസും കസ്റ്റസും പരിശോധന ശക്തമാക്കിയതോടെ സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വർധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Advertisements