KOYILANDY DIARY.COM

The Perfect News Portal

വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു

കോഴിക്കോട്:  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പേരാമ്ബ്രയുടെ മുന്‍ എംഎല്‍എയും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ഒരുമാസമായി ചികില്‍സിലായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അന്ത്യം.

കോഴിക്കോട് ജില്ലയിലെ പേരാമ്ബ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1934ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി.ആര്‍. വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ട. അധ്യാപിക ടി.എം.നളിനി. മക്കള്‍: മിനി, അജയകുമാര്‍, ആര്‍.പ്രസാദ്

1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്ബ്രയില്‍നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സിപിഎം നിയമസഭാ വിപ്പുമായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയും 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു. മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള അദ്ദേഹം സംഘടനാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്ര ജീവനക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച്‌ ട്രേഡ് യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റംഗമായിരുന്നു.

1950-ല്‍ 16 വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത്. 26 വര്‍ഷം സ്കൂള്‍ അധ്യാപകനായി. 1982 ല്‍ വടക്കുമ്ബാട് ഹൈസ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു. അതേവര്‍ഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു.

Share news
error: Content is protected !!