KOYILANDY DIARY

The Perfect News Portal

സോളാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും നേതൃത്വവും: തെളിവുകൾ ഉടൻ പുറത്തെത്തും

തിരുവനന്തപുരം :  സോളാര്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും നടത്തിയ ഗൂഢനീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി ഉള്‍പ്പെടെ നിര്‍ണായക രേഖകള്‍ മാറ്റാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സരിതയോട് ഫോണില്‍ ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖയാണ് ഒടുവില്‍ പുറത്തുവന്നത്. സിഡി അടക്കമുള്ള രേഖകള്‍ കണ്ടെടുക്കാന്‍ സോളാര്‍ കമീഷന്‍ നിര്‍ദ്ദേശപ്രകാരം ബിജു രാധാകൃഷ്ണനുമൊത്ത് പൊലീസ് കോയമ്പത്തൂര്‍ യാത്ര നടത്തിയ ദിവസമാണ് സരിതയുടെ കൈയിലുള്ള രേഖകളെല്ലാം  ഉടനടി മാറ്റണമെന്ന് രവി  ആവശ്യപ്പെട്ടത്. ബിജുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോയമ്പത്തൂര്‍ യാത്ര.

പൊലീസ് സരിതയുടെ അടുത്തും  എത്തുമെന്നും എല്ലാം ഉടന്‍ മാറ്റണമെന്നുമാണ് രവി ആവശ്യപ്പെടുന്നത്. സോളാര്‍ കമീഷന്‍ മുമ്പാകെ ഹാജരാകുമ്പോള്‍ മുഖ്യമന്ത്രിക്കനുകൂലമായി എങ്ങനെ മൊഴി നല്‍കണമെന്ന് തമ്പാനൂര്‍ രവി ഫോണില്‍ സരിതയെ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ നേരത്തേ പുറത്തായിരുന്നു. മുഖ്യമന്ത്രിക്ക് ദോഷമുണ്ടാക്കുന്ന തരത്തില്‍ ഒന്നും പറയരുതെന്നും മുഖ്യമന്ത്രി കമീഷന് നല്‍കിയ മൊഴി വായിച്ചുമനസ്സിലാക്കി ശ്രദ്ധിച്ച് മൊഴിനല്‍കണമെന്നും മറ്റുമായിരുന്നു നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരില്‍ പ്രധാനിയായ രവി സോളാര്‍ കേസ് അട്ടിമറിക്കുന്നതിന് നിരന്തരം ഇടപെട്ടിരുന്നതായി സരിത വ്യക്തമാക്കിയിരുന്നു.