KOYILANDY DIARY

The Perfect News Portal

വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു

കോഴിക്കോട് > ഈസ്റ്റ്ഹില്ലില്‍ വ്യാപാരിയുടെ വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച കിന്റല്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തത്. ഈസ്റ്റ്ഹില്‍ മലയ്ക്കല്‍ റോഡില്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിന് സമീപം കെ ടി ജനാര്‍ദനന്റെ വീടും ഗോഡൌണുമാണ് വ്യാഴാഴ്ച രാവിലെ ഭക്ഷ്യ സിവില്‍ സപ്ളൈസ് അധികൃതര്‍ പരിശോധിച്ചത്.

രേഖകളില്ലാതെ സൂക്ഷിച്ച 1231 ക്വിന്റല്‍ അരി, 118 ക്വിന്റല്‍ പഞ്ചസാര, 3650 കിലോഗ്രാം മൈദ, 780 കി.ഗ്രാം ജീരകം, 600 കി. ഗ്രാം അരിയട, 370കി.ഗ്രാം കശുവണ്ടിപ്പരിപ്പ്, 45 കി.ഗ്രാം കിസ്മിസ്, 1780 കി.ഗ്രാം ഡാല്‍ഡ എന്നിവയാണ് പിടികൂടിയത്. ഗോഡൌണില്‍ ഭക്ഷ്യവസ്തുക്കള്‍ ഇത്തരത്തില്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് വ്യാപാരിക്ക് ഇല്ലെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുമെന്നും കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസര്‍ വി എസ് സനല്‍കുമാര്‍ പറഞ്ഞു.
അനധികൃത ഗോഡൌണ്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ലൈസന്‍സില്ലാതെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിന് ജനാര്‍ദനനെതിരെ കേസെടുത്തു. ജില്ലാ സിവില്‍ സപ്ളൈ ഓഫീസര്‍ പി കെ വത്സലയുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. താലൂക്ക് സപ്ളൈ ഓഫീസര്‍ വി എസ് സനല്‍കുമാര്‍, സിറ്റി റേഷനിങ് ഓഫീസര്‍ ശിവകാമി അമ്മാള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ യു അബ്ദുള്‍ ഖാദര്‍, എം ശ്രീലേഷ്, ആര്‍ വി ലെനിന്‍, എസ് അമര്‍ജ്യോതി എന്നിവരാണ് പരിശോധന നടത്തിയത്.