KOYILANDY DIARY

The Perfect News Portal

ജിഷയെ മൃഗീയമായി കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പെരുമ്പാവൂര്‍ > പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ഥിനി ജിഷയെ മൃഗീയമായി കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

വൈകിട്ടോടെയാകും പ്രതിയെ കോടതിയില്‍ ഹാജരാക്കുകയെന്നാണ് സൂചന. വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനുമായി 15 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അനൌദ്യോഗികമായി ഡിഎന്‍എ പരിശോധന നടത്തിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്ന് നിയമപരമായ പരിശോധനക്ക്  അനുമതിയും പൊലീസ് തേടുന്നുണ്ട്.  കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയെ തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ  അമീറുള്‍ ഇസ്ലാം താമസിച്ചിരുന്ന ജിഷയുടെ വീടിന് അരക്കിലോമീറ്റര്‍ ദൂരെയുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രക്തകറയുള്ള കത്തി പൊലീസ് കണ്ടെടുത്തിരുന്നു. കത്തി ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രതിയുടെ ബന്ധുവായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി അമീറുള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി  പൊലീസ് സംഘം ഇരിങ്ങോള്‍ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന  കെട്ടിടത്തിലെത്തിയത്.

Advertisements

ഇതിനോടു ചേര്‍ന്നുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.
കൊലനടത്തിയ സമയം അമീറുള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാളുടെ താമസ സ്ഥലത്ത് കണ്ടെത്താനായിട്ടില്ല. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ബന്ധുവിനെ ഏല്‍പ്പിച്ചു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതിനെതുടര്‍ന്നാണ് ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.