KOYILANDY DIARY.COM

The Perfect News Portal

വനിതാ ജയിലില്‍നിന്ന‌് ചാടിയ 2 യുവതികളും പിടിയില്‍

തിരുവനന്തപുരം:   അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിയ രണ്ട‌് വനിതാ തടവുകാരെയും പൊലീസ‌് പിടികൂടി. വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്‍പ്പ എന്നിവരെ വ്യാഴാഴ‌്ച രാത്രി 10.45ന‌് പാലോട‌് വെള്ളയംദേശത്ത‌് നിന്നാണ‌് പിടികൂടിയത‌്.

കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന‌് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു. ഇതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്.

ശില്‍പ്പയുടെ വീട‌് വെള്ളയംദേശത്താണ‌്. ശില്‍പ്പയുടെവീട്ടിലേക്ക‌് പോകുന്നതിനിടെയാണ‌് ഇവര്‍ പിടിയിലാവുന്നത‌്. പാലോട‌് ഇന്‍സ‌്പെക‌്ടര്‍ സി കെ മനോജ‌്, എസ‌്‌ഐ സതീഷ‌്കുമാര്‍, ഗ്രേഡ‌് എസ‌്‌ഐ ഹുസൈന്‍, സിപിഒ സാജന്‍, രജിത‌് രാജ‌് എന്നിവരടങ്ങുന്ന സംഘമാണ‌് ഇവരെ പിടികൂടിയത‌്.

ഇരുവരെയും കേസ‌് അന്വേഷിക്കുന്ന ഫോര്‍ട്ട‌് പൊലീസ‌ിന‌് കൈമാറി. വിശദമായി ചോദ്യം ചെയ്‌താലേ ജയില്‍ ചാടിയ വിധവും അതിന‌് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും വ്യക്തമാകു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!