KOYILANDY DIARY

The Perfect News Portal

വടകര – തലശേരി റൂട്ടിൽ 27 മുതൽ ബസ്സുകൾ പണിമുടക്കും

വടകര: അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വടകര – തലശേരി റൂട്ടിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സ്വകാര്യ ബസ്സുകൾ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. 

വടകര ഡിവൈഎസ്‌പി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്‌ സമരം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്‌ തൊഴിലാളികൾ. 27 മുതൽ ദീർഘദൂര ബസ്സുകളും പണിമുടക്കും.

വിതാര ബസ് ഡ്രൈവർ കെ ടി ബസാർ രയരങ്ങോത്ത് വലിയപറമ്പത്ത് നിജിൽ (29), കണ്ടക്ടർ ചോറോട് മാത്തൂർ മീത്തൽ റഫ്നീഷ് (31) എന്നിവരെയാണ് തിരുവോണ ദിവസം അഴിയൂർ മാവേലി സ്റ്റോപ്പിന് സമീപം  ബസ് തടഞ്ഞുനിർത്തി മർദിച്ചത്. 

Advertisements

വടകരയിൽ നിന്ന്‌ തലശേരിയിലേക്കുള്ള യാത്രക്കിടെ ഹോൺ മുഴക്കി ബസ് മറികടന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറുമായി തർക്കമുണ്ടായിരുന്നു. ബസ് തിരിച്ചു വരുമ്പോഴാണ് ആക്രമണമുണ്ടായത്.  അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ സംയുക്ത സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടു.